കരുനാഗപ്പള്ളി : മാളിയേക്കൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായി അവസാന ഘട്ട മിനുക്കു ജോലികളിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗതത്തിനായി തുറന്നു നൽകണമെന്ന ആവശ്യം ശക്തം. സ്കൂളുകൾ കൂടി തുറന്നതോടെ സമീപ സ്ഥലങ്ങളിലെ റെയിൽവേ ഗേറ്റുകളിലെല്ലാം ഗതാഗതക്കുരുക്കും അപകടവും യാത്രാ ദുരിതവും വർധിച്ചിരിക്കുകയാണ്. മാളിയേക്കൽ റെയിൽവേ മേൽപാലം യാത്രയ്ക്കായി തുറന്നു നൽകിയാലേ മേഖലയിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരമാകു.റെയിൽവേ ക്രോസിന് ഇരുവശത്തുമായുള്ള പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ച് , പാലത്തിലേക്കുള്ള റോഡുകൾ ടാർ ചെയ്തു കഴിഞ്ഞു.
സർവീസ് റോഡുകളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർത്തിയായി. പാലത്തിന്റെ ഇരുവശത്തേയും കൈവരികളുമായി ചേർന്നുള്ള ഹാൻഡ് റെയിലിന്റെ പണികൾ തീരാനുണ്ട്. അത് ഈ ആഴ്ച പൂർത്തിയാകും. പിന്നീട് റോഡ് മാർക്കിങ്ങും പെയിന്റിങ്ങും നടക്കണം. പാലത്തിനോടു ചേർന്നുള്ള മറ്റു പണികളെല്ലാം പൂർത്തിയായി കിടക്കുകയാണ്. താഴെ റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണവും നടക്കാനുണ്ട്. പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത് ഓടയുടെ നിർമാണത്തിന് തടസ്സമാകില്ല. ബന്ധപ്പെട്ടവർ മനസ്സു വച്ചാൽ മേൽപാലം വേഗം തുറന്നു നൽകാൻ കഴിയും.
2021 ജനുവരി 23 നാണ് മാളിയേക്കൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയിലുമാണ് പാലം. സ്റ്റീൽ കോംപോസിറ്റ് സ്ട്രക്ചറിൽ നിർമിക്കുന്ന പാലമെന്ന പ്രത്യേകതയും ഉണ്ട്.