പുനലൂർ ∙ റെയിൽവേ സ്റ്റേഷനുകളുടെ നിലവാരം ഉയർത്തുന്ന 'അമൃത് ഭാരത്' പദ്ധതിയുടെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷൻ മന്ദിരം മോടി പിടിപ്പിക്കുന്ന ജോലികൾ തുടങ്ങി. മൺപണികൾ പൂർത്തിയായി. കോൺക്രീറ്റ് ജോലികൾ ഉടൻ ആരംഭിക്കും. നിലവിലെ സ്റ്റേഷൻ കെട്ടിടം നിലനിർത്തിക്കൊണ്ട് മുൻഭാഗത്തു വിശാലമായ പുറം കവചവും കവാടവും നിർമിക്കും. ഇതിനു മുകളിലൂടെ നടപ്പാതയും ഉണ്ടാകും. നിലവിലെ വാതിലിലുള്ള ചെറിയ സിറ്റൗട്ട് സംവിധാനം പൊളിച്ചുകളയും. ഇപ്പോൾ പാർക്കിങ് ഗ്രൗണ്ട് ആയി ഉപയോഗിക്കുന്ന ഭാഗത്ത് മറ്റ് നിർമാണ പ്രവർത്തനങ്ങളും ഉണ്ടാകും.
ദേശീയപതാക ഉയർത്തുന്നതിനുള്ള കൂറ്റൻ കൊടിമരം ഇവിടെ സ്ഥാപിക്കും. ഇവിടെ മുറ്റവും പൂന്തോട്ടവും നിർമിക്കും. പാർക്കിങ്ങിന് രണ്ടുതരം ഗ്രൗണ്ടാണ് ഉണ്ടാകുക. ഒന്ന് ഓപ്പൺ എയർ. മറ്റൊന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമായി മേൽക്കൂര ഉള്ളത്. അപ്പർ – ലോവർ ക്ലാസ് നിലവാരത്തിൽ 1000 ചതുരശ്ര അടിയിൽ വെയ്റ്റിങ് ഹാളും നിർമിക്കും. നിലവിലെ ഫുട് ഓവർ ബ്രിജിനോട് ചേർന്ന് 2 ലിഫ്റ്റുകളും നിർമിക്കുന്നുണ്ട്. 2 പ്ലാറ്റ്ഫോമുകളിലും കൂടുതൽ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജല വിതരണവും ക്രമപ്പെടുത്തും. ഇലക്ട്രിക്കൽ ജോലികളും നടക്കാനുണ്ട്. അതിന്റെ കരാർ നടപടികൾ പുരോഗമിക്കുകയാണ്.
ദേശീയപാതയിൽ ചൗക്ക ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷൻ റോഡ് ആരംഭിക്കുന്ന ഭാഗത്ത് മനോഹരമായ കൂരയോടു കൂടിയ പ്രവേശന കവാടത്തിന്റെയും നിർമാണം തുടങ്ങി. നിലവിലെ റോഡിനു വീതി വർധിപ്പിക്കും. നിലവിൽ റെയിൽവേ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗം വരെ നടപ്പാതയിൽ ഉണ്ടാകും. ഇതിനിടെ 73.36 ലക്ഷം രൂപ അടങ്കലിൽ സ്റ്റേഷനിൽ ഡിസ്പ്ലേ ബോർഡുകളും അനൗൺസ്മെന്റ് സംവിധാനവും ഒരുക്കിയിരുന്നു. എന്നാൽ, മൂന്നാം പ്ലാറ്റ്ഫോം, ആർപിഎഫ് കെട്ടിടം, റെയിൽവേ പൊലീസ് കെട്ടിടം എന്നിവ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ശബരിമല പ്രധാന ഇടത്താവളമെന്ന നിലയിൽ പൈതൃക സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്ന കാര്യവും എങ്ങുമെത്തിയിട്ടില്ല.