പരവൂർ : കോവളം-ബേക്കൽ ജലപാതയുടെ ഭാഗമായുള്ള ബോട്ടു ജെട്ടികളുടെ നവീകരണം പൂർത്തിയായി.പരവൂർ നഗരസഭ മേഖലയിൽ നേരുക്കടവ്, പൊഴിക്കര ബോട്ട് ജെട്ടികളുടെ നവീകരണത്തിനായി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇടവ-നടയറ കായൽ തീരത്തെ നെല്ലേറ്റിൽ, ഇടയാടി, കാപ്പിൽ, കലയ്ക്കോട് പീന്തമുക്ക് ബോട്ട് ജെട്ടികളുടെ നവീകരണമാണ് പൂർത്തിയായിരിക്കുന്നത്.
പൂതക്കുളം പഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും കായൽ തീരങ്ങൾ ബന്ധിപ്പിച്ചു വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്താൽ ബോട്ടുജെട്ടികൾ മികച്ച രീതിയിൽ ഉപയോഗിക്കാനാകും.
നവീകരണം പൂർത്തിയായ നെല്ലേറ്റിൽ, കാപ്പിൽ കടവുകളിൽ മാത്രമാണ് കടത്തുവള്ളം സർവീസെങ്കിലും നടക്കുന്നത്. ബാക്കിയുള്ളവ സംസ്ഥാന ജലപാതയുടെ നിർമാണ പൂർത്തീകരണത്തിനു ശേഷം മാത്രമേ പൊതുജനത്തിന് ഉപയോഗപ്പെടുകയുള്ളു. ജലപാത നിർമാണം പൂർത്തിയാകാത്തതു കാരണം നവീകരണം പൂർത്തിയായ ബോട്ടുജെട്ടികൾ പൊതുജനത്തിനു പ്രയോജനപ്പെടില്ല.