Advertisment

കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകൾ ഒരുക്കി കൊല്ലം കെഎസ്ആർടിസി

ബജറ്റ് ടൂറിസം സെല്ലാണ് കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പലയാത്രയും ഒരു തൃശൂർ നാലമ്പലം യാത്രയുമാണ് ഈ മാസം ക്രമീകരിച്ചിരിക്കുന്നത്.

New Update
fgl;lkjhgfghjk

കൊല്ലം∙ കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകൾ ഒരുക്കി കൊല്ലം കെഎസ്ആർടിസി. കൊല്ലത്തു നിന്നും രാവിലെ അഞ്ചിന് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌നൻ ക്ഷേത്രം എന്നീ നാല് അമ്പലങ്ങളിലും ഉച്ചയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്നതാണ് യാത്ര. 

Advertisment

ഒരാൾക്ക് 650 രൂപയാകും. 23 ന് രാത്രി 9 മണിക്ക് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌നൻ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ദർശനംനടത്തി വൈകുന്നേരത്തോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 1060 രൂപയാണ് ചാർജ്.

∙ ആദ്യ മൂകാംബിക യാത്ര 16 ന് ഉച്ചയ്ക്ക് ആരംഭിക്കും. 17 നു രാവിലെ മൂകാംബിക ദർശനം നടത്തി 18 നു തിരിച്ചു ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ സന്ദർശിച്ചതിനു ശേഷം 19 നു പുലർച്ചെ മടങ്ങിയെത്തും- 4000 രൂപ.
∙ 7ന് പൊന്മുടി, വാഗമൺ എന്നിങ്ങനെ രണ്ട് യാത്രകൾ. പൊന്മുടിക്ക് പ്രവേശന ഫീസുകൾ അടക്കം 770 രൂപയും വാഗമണിലേക്കു 1020 രൂപയുമാണ്.

∙ ഗവിയിലേക്ക് 9,21,30 തീയതികളിലായി മൂന്ന്‌ യാത്രകൾ. രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 10.30 നു മടങ്ങി എത്തുന്ന ഗവി-പരുന്തുംപാറ യാത്രയ്ക്ക് 2150 രൂപ. പാക്കേജിൽ വെജിറ്റേറിയൻ ഉച്ചഭക്ഷണം, ട്രെക്കിങ്, ബോട്ടിങ്, പ്രവേശന ഫീസുകൾ, ഗൈഡിന്റെ സേവനം എന്നിവ ഉൾപ്പെടും.

∙ 13ന് മൂന്നാർ, വണ്ടർലാ, വാഗമൺ എന്നിങ്ങനെ മൂന്നു യാത്രകൾ. 13ന് രാവിലെ 5ന് പൂപ്പാറ, ഗ്യാപ് റോഡ്, ആനയിറങ്ങൽ ഡാം, ചിന്നക്കനാൽ, മൂന്നാർ, കാന്തല്ലൂർ, മറയൂർ എന്നീ സ്ഥലങ്ങൾ കണ്ടു 14 നു അർധരാത്രി കഴിഞ്ഞു മടങ്ങി എത്തുന്ന മൂന്നാർ യാത്രയ്ക്ക് 1730 രൂപയാണ് ഒരാൾക്ക്. ബസ് ചാർജും ഒരുദിവസത്തെ താമസവും ഉൾപ്പെടും. 

∙ വണ്ടർലാ യാത്രയ്ക്ക് 1937 രൂപയാണ് നിരക്ക്. രാവിലെ ആറുമണിക്ക് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 10 മണിക്ക് മടങ്ങിയെത്തും. കെഎസ്ആർടിസി ബസ് നിരക്കും വണ്ടർലാ എൻട്രി ഫീസും ഉൾപ്പെടും. 

∙ 14ന് റോസ്മല, പാണിയേലി പോര് എന്നിങ്ങനെ രണ്ട് യാത്രകൾ. റോസ് മല-പാലരുവി-തെന്മല എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന റോസ്മല യാത്രയ്ക്ക് യാത്ര ചാർജും എൻട്രി ഫീസും ഉൾപ്പെടെ 770 രൂപയും പെരുമ്പാവൂരിനു സമീപമുള്ള ഇക്കോ ടൂറിസം സെന്റർ ആയ പാണിയേലിപ്പോര്, മൃഗങ്ങളുടെ റീഹാബിലിറ്റേഷൻ സെന്റർ അഭയാരണ്യം, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം എന്നിവ ഉൾപ്പെടുന്ന ഏകദിന യാത്രയ്ക്ക് 1050 രൂപയുമാണ് ചാർജ്.

∙ 17, 30 ദിവസങ്ങളിലായി നെഫർടിറ്റി കപ്പൽ യാത്ര. കൊല്ലത്തു നിന്നും രാവിലെ 10 മണിക്ക് എസി ലോ ഫ്ലോർ ബസിൽ മറൈൻ ഡ്രൈവിൽ എത്തി അവിടെ നിന്നും നാല് മണിക്കൂർ കപ്പലിൽ 20 നോട്ടിക്കൽ മൈൽ ദൂരം യാത്ര ചെയ്തു ബസിൽ തിരികെ കൊല്ലത്തു വരുന്നതാണ് ട്രിപ്പ്. 30 വരെ മൺസൂൺ ഓഫർ ആയി 3240 രൂപയാണ് ചാർജ്.

∙ 20 നു ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകൾ. രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് ഇല്ലിക്കൽ കല്ല്, കട്ടക്കയം വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങൾ കണ്ട് രാത്രി 11 മണിയോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.

∙ കന്യാകുമാരി യാത്ര രാവിലെ 5 മണിക്ക് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ത്രിവേണി സംഗമത്തിലെ അസ്തമയ കാഴ്ചയും കണ്ടു രാത്രി 12 മണിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 780 രൂപയാകും. 

∙ 27ന് ചാർട്ട് ചെയ്തിട്ടുള്ള കുറ്റാലം യാത്ര രാവിലെ 5 ആരംഭിച്ച് ആര്യങ്കാവ്, തിരുമലൈ കോവിൽ, മേക്കര ഡാം, കുറ്റാലം എന്നീ സ്ഥലങ്ങൾ കണ്ടു രാത്രി 9നു മടങ്ങിയെത്തും. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9747969768, 8921950903, 9995554409.

Advertisment