ഡിആര്‍ഡിഒ പുരസ്ക്കാരം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ അസ്ട്രെക് ഇനോവേഷന്‍സ്

ഹെല്‍ത്ത് കെയര്‍ സാങ്കേതികവിദ്യ മുതല്‍ പ്രതിരോധസാങ്കേതികവിദ്യ വരെയുള്ള വൈവിദ്ധ്യങ്ങളാര്‍ന്ന ഉത്പന്ന നിര്‍മ്മാണത്തിന് അസ്ട്രെക്കിന് ശേഷിയുണ്ട്.

New Update
dfghjklkjhgfdfghjk

കൊച്ചി: പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒയുടെ ഡെയര്‍ ടു ഡ്രീം അവാര്‍ഡിന്‍റെ 'എക്സ്പ്ലോറിംഗ് അണ്‍തിങ്കബിള്‍ ആന്‍ഡ് അണ്‍ഇമാജിനബിള്‍' വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള അസ്ട്രെക് ഇനോവേഷന്‍സ് പുരസ്ക്കാരം നേടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗില്‍ നിന്നും അസ്ട്രെക് ഇനോവേഷന്‍സ് സിടിഒ അലക്സ് എം സണ്ണി പുരസ്ക്കാരം ഏറ്റുവാങ്ങി.

അസ്ട്രെക് ഇനോവേഷന്‍സിന്‍റെ എക്സോസ്കെലറ്റന്‍ സാങ്കേതികവിദ്യയാണ് ഡിആര്‍ഡിഒ പുരസ്ക്കാരം നേടാന്‍ കമ്പനിയെ സഹായിച്ചത്. ആരോഗ്യ ഉത്പന്നമായാണ് ഇത് പുറത്തിറക്കിയതെങ്കിലും സേനാവിഭാഗങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ക്കായി ഇതിനെ മാറ്റിയെടുക്കുകയായിരുന്നു. സൈനികരുടെ മികവ് വര്‍ധിപ്പിക്കാനും ശാരീരിക വിഷമതകള്‍ കുറയ്ക്കാനും പ്രവര്‍ത്തനമികവ് കൂട്ടാനും ഇതിലൂടെ സാധിക്കും. രാജ്യത്തിന്‍റെ പ്രതിരോധമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ലഭിച്ച ഈ അവസരം അഭിമാനകരമാണെന്ന് അസ്ട്രെക് ഇനോവേഷന്‍ സഹസ്ഥാപകനും സിഒഒയുമായ ജിതിന്‍ വിദ്യ അജിത് പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സേനാവിഭാഗങ്ങള്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യ പ്രാദേശികമായി തന്നെ ലഭ്യമാക്കാനുള്ള ആശയത്തിന് അടുത്തു നില്‍ക്കുന്നതാണ് അസ്ട്രെക്കിന്‍റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. ഹെല്‍ത്ത് കെയര്‍ സാങ്കേതികവിദ്യ മുതല്‍ പ്രതിരോധസാങ്കേതികവിദ്യ വരെയുള്ള വൈവിദ്ധ്യങ്ങളാര്‍ന്ന ഉത്പന്ന നിര്‍മ്മാണത്തിന് അസ്ട്രെക്കിന് ശേഷിയുണ്ട്. ഈ മേഖലയിലെ നിര്‍മ്മാണപദ്ധതികളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് ശ്രമമെന്നും ജിതിന്‍ പറഞ്ഞു.

Advertisment