പോത്തൻകോട് ; കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച തൊഴിൽമേളയിൽ 390 ഓളം ഉദ്യോഗാർഥികൾ പങ്കെടുത്തു.പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം നേടിയവർ വരെ ജോലി തേടിയെത്തി. ബാങ്കിങ്, ബിസിനസ്, ഡ്രൈവർ, സെയിൽസ്, സ്പെഷൽ അധ്യാപിക തുടങ്ങി 200 തസ്തികകളിലാണ് അഭിമുഖം നടന്നത്. ഇതിൽ 190 പേർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. 25ൽ പരം സ്ഥാപനങ്ങളാണ് തൊഴിൽ അവസരങ്ങളുമായെത്തിയത്.
പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അനിതകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം മലയിൽക്കോണം സുനിൽ , ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്.ശശികല, പഞ്ചായത്ത് സിഡിഎസ് ചെയർപഴ്സൻ എസ്. ശ്രീകല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അൻവർ , കുടുംബശ്രീ ജില്ലാ മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ വിഷ്ണു എന്നിവർ പ്രസംഗിച്ചു.