/sathyam/media/media_files/GlqUxs0Ht4jWbuX6FkPk.jpeg)
കൊല്ലം : ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ. ഓണത്തെ കൂടുതൽ രുചിയുള്ളതും നിറമുള്ളതുമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ കുടുംബശ്രീ അംഗവും. കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള ബന്ദിപ്പൂ കൃഷി ആരംഭിച്ചു. അഞ്ചൽ, ചടയമംഗലം, ചവറ, ചിറ്റുമല, ഇത്തിക്കര, കൊട്ടാരക്കര, മുഖത്തല, ഓച്ചിറ, പത്തനാപുരം, ശാസ്താംകോട്ട, വെട്ടിക്കവല തുടങ്ങിയ 11 ബ്ലോക്കുകളിലായി 66 പഞ്ചായത്തുകളിലാണ് കൃഷി നടക്കുന്നത്. 478 സംഘങ്ങളായി നടത്തുന്ന കൃഷിയിൽ 1711 വനിതാ കർഷകരാണുള്ളത്.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറി വഴി ലഭിക്കുന്ന ബന്ദിത്തൈകളാണ് നട്ടിട്ടുള്ളത്. ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ച കൃഷി വിവിധ ഇടങ്ങളിലായി 93 ഏക്കറിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ ഉപയോഗം കുറയ്ക്കുക, തദ്ദേശീയമായി പൂക്കൃഷി പ്രോത്സാഹിപ്പിച്ച് വരുമാനമാർഗം കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പൂക്കൃഷി വിപുലമാക്കുന്നത്. ഇത്തവണ ഓണസദ്യയിൽ ഇടം പിടിക്കാൻ കുടുംബശ്രീയുടെ സ്വന്തം ഉപ്പേരിയും ശർക്കരവരട്ടിയും. കഴിഞ്ഞ വർഷവും വിപണിയിൽ കുടുംബശ്രീ ഉൽപന്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ആദ്യമായാണ് ഒരു പേരിൽ ബ്രാൻഡ് ചെയ്ത് സംസ്ഥാനവ്യാപകമായി വിപണി കീഴടക്കാൻ ഒരുങ്ങുന്നത്. മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപാദനം നടത്തിയ യൂണിറ്റുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലയിൽ 16 യൂണിറ്റുകളാണ് പരിശീലനം പൂർത്തിയാക്കി വിപണിയിൽ ഇറങ്ങുന്നത്. കൊല്ലം കുടുംബശ്രീ ഫുഡ് പ്രോസസിങ് കൺസോർഷ്യത്തിനാണ് ഏകോപന ചുമതല. അവശ്യവസ്തുക്കൾ ശേഖരിക്കുന്നതും വിൽപന നടത്തുന്നതും കൺസോർഷ്യമാണ്. ഉൽപന്നങ്ങൾ കുടുബശ്രീ സ്റ്റോറുകൾ വഴിയും വിതരണക്കാർ വഴിയും കടകളിൽ എത്തിക്കും.
കോട്ടയം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകൾക്കുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളുടെ പരിശീലനം 29നാണ്. പരിശീലനം പൂർത്തിയാകുന്നതോടെ ബ്രാൻഡിന്റെ പേര് തീരുമാനിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്. ഉൽപന്നത്തിന്റെ കവറിൽ പേരും യൂണിറ്റിന്റെ പേരും ഉണ്ടാകും. ഏത്തക്കായുടെ വിഭാഗവും വിലയും അടിസ്ഥാനമാക്കി ഓരോ ജില്ലയിലും വ്യത്യസ്ത വിലയിൽ ആയിരിക്കും. കറിക്കുള്ള ചേരുവകളും ബ്രാൻഡിൽ തയാറാണ്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, സാമ്പാർപൊടി, ചിക്കൻ ഫിഷ് മസാലകൾ, ഗോതമ്പുപൊടി, പുട്ടുപൊടി, വറുത്ത അരിപ്പൊടി എന്നിവയാണ് കറിപ്പൊടി സംരംഭക യൂണിറ്റുകൾ വഴി വിപണിയിൽ എത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us