ശരീരഭാരം കുറക്കാനും ആരോഗ്യമുള്ള ചര്‍മത്തിനും വെണ്ടയ്ക്ക കുതിര്‍ത്ത് തയ്യാറാക്കുന്ന പാനീയം ഉത്തമം. തിളക്കമാര്‍ന്ന ചര്‍മത്തിനും നല്ല ദഹനത്തിനും ഈ പാനീയം സഹായകമാണ്.ചെറുകഷ്ണങ്ങളായി അരിഞ്ഞ വെണ്ടയ്ക്ക, രാത്രിമുഴുവന്‍ വെള്ളത്തിലിട്ട് വെക്കുക. ഈ വെള്ളം പിറ്റേന്ന് കുടിക്കുക. ഇങ്ങനെ ചെയ്താല്‍ ശരീരഭാരം കുറയ്ക്കാം. രാവിലെതന്നെ ഇത് കഴിക്കുമ്പോള്‍ രുചിക്കുറവ് അനുഭവപ്പെടാമെങ്കിലും വെണ്ടയുടെ പോഷകഗുണങ്ങള്‍ വിവരണാതീതമാണ്.
പാനീയത്തിന്റെ ഗുണങ്ങള്‍
വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവയാല്‍ സമ്പന്നമാണ് വെണ്ടയ്ക്കയുടെ പാനീയം. ധാരാളം നാരുകളടങ്ങിയതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
അമിതമാകരുത്
വെണ്ടയുടെ പാനീയം വളരെ ഗുണകരമാണെങ്കിലും ചര്‍മം, ശരീരഭാരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും അത് പരിഹാരമാണെന്ന അര്‍ഥമില്ല. ഈ പാനീയത്തിന്റെ അമിതമായ ഉപയോഗം ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. വെണ്ടയ്ക്ക പാനീയം ദിവസവും കുടിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഴ്ചയില്‍ രണ്ടുതവണ കുടിക്കാവുന്നതാണ്. വെണ്ടയ്ക്ക അലര്‍ജിയുള്ള ആളുകള്‍ അത് ഒഴിവാക്കേണ്ടതാണ്. ധാരാളമായി ഓക്‌സലേറ്റുകള്‍ അടങ്ങിയതിനാല്‍ വൃക്കരോഗങ്ങള്‍ക്കും വെണ്ട കാരണമായേക്കാം.