/sathyam/media/media_files/CC8JaLEn8GWzsa7yQ6Nf.jpeg)
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി ചന്തയ്ക്കടുത്ത് കെട്ടിപ്പൊക്കി നിർമിച്ച സർവീസ് റോഡിന്റെ അരികുഭിത്തി രണ്ടിടത്ത് പൊട്ടിയ നിലയിൽ. ചിലയിടത്ത് പുറത്തേക്ക് തള്ളിയിട്ടുമുണ്ട്. മഴ കൂടുതൽ കനക്കുന്നതോടെ അരികുഭിത്തിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്ന് സംശയിക്കുന്നവർ ഏറെ. കാക്കഞ്ചേരി വളവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡായി വിനിയോഗിക്കുന്ന പഴയ ദേശീയപാതയുടെ ഒരുവശത്ത് മഴയെ തുടർന്ന് മണ്ണിടിച്ചിലുമുണ്ട്.
മണ്ണിടിച്ചിൽ വ്യാപകമായാൽ വാഹന ഗതാഗതം അപകടത്തിലാകും. കാക്കഞ്ചേരി അങ്ങാടിയിൽ ആഴത്തിലൊരുക്കിയ ആറുവരിപ്പാതയിൽ മഴയെ തുടർന്ന് ചെളി നിറഞ്ഞതിനാൽ നിർമാണം മുടങ്ങി. നിർമാണ സാമഗ്രികൾ ഇപ്പോഴും റോഡിൽ കാണാം. അതേസമയം, കാക്കഞ്ചേരി വളവിൽ ദേശീയപാതയിൽ നിന്ന് മഴയെ തുടർന്ന് ചന്ത റോഡിലേക്ക് വെള്ളച്ചാട്ടം കണക്കെ വെള്ളം മണിക്കൂറുകളോളം ഒഴുകിയത് പരിഭ്രാന്തി പരത്തി. ചന്ത വളപ്പിലെ ഷെഡുകളിൽ വരെ വെള്ളമെത്തി. പരിസരത്തെ വീട്ടുകാർക്കും വെള്ളപ്പാച്ചിൽ ബുദ്ധിമുട്ടായി. അധികൃതർ വെള്ളം തിരിച്ചു വിടാൻ ഓട പോലും നിർമിക്കാതിരുന്നതാണ് പ്രശ്നമെന്ന് പരാതിയുണ്ട്.