ഓണക്കാലത്തും തൊഴിലാളികളെ പട്ടിണിക്കിടുന്ന ഇടതുസർക്കാർ കടം വാങ്ങാനും കള്ളു 'വിൽക്കാനും മാത്രമുള്ള ഒരു സംവിധാനമായി അധപതിച്ചിരിക്കുകയാണെന്ന് ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് കുറ്റപ്പെടുത്തി. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, ആനുകുല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുക, സെസ്സ് പിരിവ് കാര്യക്ഷമമാക്കുക, നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിനെ സംരക്ഷിക്കുക, നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് നിർമ്മാണ തൊഴിലാളി സംഘം (ബി എം എസ് ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണ തൊഴിലാളി ക്ഷേമപദ്ധതിയിൽ അറുപത് വയസ്സ് വരെ അംശാദായം അടച്ച് പെൻഷൻ ആയ മൂന്ന് ലക്ഷത്തി അറുപതിനായിരത്തിലധികം വരുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ 13 മാസമായി പെൻഷൻ കുടിശ്ശികയാണ് മറ്റ് ക്ഷേമ പെൻഷനിൽ നിന്നും വ്യത്യസ്തമായി ക്ഷേമനിധി ബോർഡിലേക്ക് അംശാദായമടച്ചവരുടെ അവകാശപ്പെട്ട പെൻഷൻ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തൊഴിലാളികൾക്ക് അർഹതപ്പെട്ട പെൻഷൻ ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് വി.ശരത് അധ്യക്ഷത വഹിച്ച ധർണ്ണയിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗം ടി. കുമരേശൻ, പ്രകാശൻ മലമ്പുഴ,ബാലകൃഷ്ണൻ പറളി, തുടങ്ങിയവർ സംസാരിച്ചു