ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷ്ണൽ ഫെല്ലോഷിപ്പ് അവാർഡിന്
എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാനസാഹിത്യ വിഭാഗത്തിൽ എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്കാരം. ഡൽഹിയിൽ സംഘടിപ്പിക്കുന്ന അക്കാദമിയുടെ ദേശീയസമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.
ചിന്തകനും എഴുത്തുകാരമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓർമ്മക്കായ് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. പണ്ഡിതൻ, പത്രാധിപൻ, തത്ത്വജ്ഞാനി തുടങ്ങി ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന വിപ്ലവകാരിയായിരുന്ന സാമൂഹ്യപരിഷ്കർത്താവായിരുന്നു ജ്യോതിബ ഗോവിന്ദറാവു ഫൂലെ. സ്വാതന്ത്ര്യസമരം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ പ്രസിദ്ധമായ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ ആനക്കരയെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം.
ഭരണഘടനാ അസംബ്ലി മെമ്പറായിരുന്ന അമ്മു സ്വാമിനാഥൻ, പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷയായിരുന്ന എ.വി കുട്ടിമാളുഅമ്മ, സുഭാഷ്ചന്ദ്ര ബോസിനൊപ്പം ഐ.എൻ.എ പ്രവർത്തിച്ചിരുന്ന ക്യാപ്റ്റൻ ലക്ഷ്മി, ദേശീയപ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന സുശീലാമ്മ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ധീരമായ പോരാട്ടങ്ങൾ, അധ്യാപകർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഈ പുസ്തകത്തിൽ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു. അക്ഷരജാലകം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
നാലുവർഷക്കാലം പഠനം നടത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ചരിത്രം തിരുത്തി എഴുതപ്പെടുന്ന ഈ കാലത്ത്, ഇന്നലെകളിലെ നാടിന്റെ മൈത്രിയും മാനവികമൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ആനക്കര സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി യു.എ.ഇയിലെ അബുദാബിയിൽ ജോലി ചെയ്യുന്നു. അക്ഷരജാലകം ഓവർസീസ് പ്രസിഡന്റാണ്. അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐ.ഐ.സി ലിറ്റററി വിംഗ് തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. ശബ്നയാണ് ഭാര്യ. റീം ഹനാൻ മകളും മർവാൻ ഇബാദ് മകനുമാണ്.