ചാലക്കുടി: സാന്ത്വന പരിചരണ രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു. ചാലക്കുടി ലിങ്ക് സെന്ററില്‍, മണപ്പുറം ഫിനാന്‍സിന്റെ ഉപ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മണപ്പുറം ഫൗണ്ടേഷനാണ് കെട്ടിട നിര്‍മാണത്തിന്റെ ചുമതല. ഭിന്നശേഷിക്കാര്‍ക്കും കിടപ്പ് രോഗികള്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷമായി സൗജന്യ സേവനം നല്‍കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന് സ്വന്തമായ കെട്ടിടമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ബെന്നി ബെഹന്നാന്‍ എം പി നിര്‍വഹിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ പരിചരണം നല്‍കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചുനല്‍കുന്ന മണപ്പുറം ഫൗണ്ടേഷന്റെ നടപടിയില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരികളെ ആദരിച്ചു.
ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ടി ഒ പൗലോസ്, സെക്രട്ടറി ഉഷാദേവി, ജോയിന്റ് സെക്രട്ടറി ജോര്‍ജ് തോമസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചാലക്കുടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ആലിസ് ഷിബു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിത എം എസ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ്, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.