കൊച്ചി: കേരളത്തെ ഉത്സവാഘോഷങ്ങളുടെ നാടായി അടയാളപ്പെടുത്തുന്ന പവലിയന്‍ കേരള ട്രാവല്‍ മാര്‍ട്ടിലെ (കെടിഎം) പ്രധാന ആകര്‍ഷണമാകുന്നു. 'കേരള ഫെസ്റ്റിവെല്‍ ഡെസ്റ്റിനേഷന്‍' എന്ന പ്രമേയത്തില്‍ കേരളത്തിന്‍റെ സമ്പന്നമായ ഉത്സവാഘോഷങ്ങളെയും പാരമ്പര്യത്തെയും ചിത്രീകരിക്കുന്നതാണ് പവലിയന്‍. കെടിഎമ്മിലെത്തുന്ന വിദേശ, ഇതര സംസ്ഥാന ബയേഴ്സിനെയും ആഭ്യന്തര പ്രതിനിധികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ഈ പവലിയന്‍. എക്സ്പോ ഉദ്ഘാടനത്തിനെത്തിയ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പവലിയന്‍ സന്ദര്‍ശിക്കുകയും നിര്‍മ്മാണത്തെ അഭിനന്ദിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു.
'കേരള ഫെസ്റ്റിവെല്‍ ഡെസ്റ്റിനേഷന്‍' എന്ന ആശയത്തിലൂടെ വ്യത്യസ്തങ്ങളായ ഉത്സവങ്ങളുടെയും ആചാരപ്പെരുമയുടെയും നാടായ കേരളത്തിലെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു. കേരള ടൂറിസത്തിന്‍റെ ഉത്പന്നങ്ങളില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. കേരളത്തിലെ ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ആഘോഷങ്ങളും വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുന്നതായിരിക്കുമെന്നും ടൂറിസം വകുപ്പ് വിലയിരുത്തുന്നു.
35 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് 'കേരള ഫെസ്റ്റിവെല്‍ ഡെസ്റ്റിനേഷന്‍' പവലിയന്‍ ഒരുക്കിയിട്ടുള്ളത്. അഞ്ചരയടി വലുപ്പത്തിലുള്ളതാണ് ആനകള്‍. പൂരപ്പറമ്പിലെ എഴുന്നെള്ളിപ്പിനെ ഓര്‍മ്മിപ്പിക്കുന്ന വിധം രണ്ട് കൂറ്റന്‍ ആനകളുടെ മാതൃകയാണ് അലങ്കരിച്ചൊരുക്കിയിരിക്കുന്നത്. നെറ്റിപ്പട്ടം കെട്ടി മുത്തുക്കുടയുടെയും ആലവട്ടത്തിന്‍റെയും വെഞ്ചാമരത്തിന്‍റെയും അകമ്പടിയോടെ നില്‍ക്കുന്ന ഗജരാജന്‍മാരുടെ തലയെടുപ്പ് കേരളീയ ഉത്സവാന്തരീക്ഷവും വിനോദസഞ്ചാര വൈവിധ്യവും എടുത്തു കാണിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎം പന്ത്രണ്ടാം പതിപ്പിന്‍റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കവെന്‍ഷന്‍ സെന്‍ററിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ടൂറിസം സ്ഥാപനങ്ങളും ഉത്പന്നങ്ങളും ഉള്‍പ്പെടുന്ന 347 സ്റ്റാളുകളാണ് എക്സ്പോയില്‍ ഉള്ളത്. സെപ്റ്റംബര്‍ 29 വരെയാണ് കെടിഎം നടക്കുന്നത്. ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യമായി എക്സ്പോ സന്ദര്‍ശിക്കാം.