ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷൻ എന്ന നിലയിലാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്‍) ഡയറ്റിൽ ഉൾപ്പെടുത്തുന്നത്മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആഗിരണം തടപ്പെടുത്തും.
മില്ലറ്റുകൾ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2013 ൽ നടത്തിയ ഒരു പഠനത്തിൽ മില്ലറ്റുകൾ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടർന്നുണ്ടാകുന്ന അനീമിയ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോഗികൾക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല.
മില്ലറ്റുകൾ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകൾ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹോർമോൺ ഉൽപാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരിൽ ഗോയിറ്റർ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരിൽ മില്ലറ്റുകൾ ദഹനപ്രശ്നങ്ങളുമുണ്ടാക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ സെൻസിറ്റീവ് വയറുള്ളവരിൽ ഗ്യാസ്, ബ്ലോട്ടിങ്, വയറുവീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയിലേക്കും നയിക്കാം.