/sathyam/media/media_files/e560sT5Pz9ONoM4FioZD.jpeg)
മോഹൻലാൽ ആദ്യമായി ഒരു റേഡിയോ സിനിമയിൽ നായകനായി എത്തുന്നു. കേരളത്തിലെ നമ്പർ വൺ എഫ്.എം. സ്റ്റേഷനായ ക്ലബ്ബ് എഫ്.എമ്മിലൂടെ ജൂലായ് 19-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ക്ലബ്ബ് എഫ്.എം., ഏഷ്യാനെറ്റ് മൂവീസുമായി ചേർന്ന് ലോക റേഡിയോചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത പ്രോഗ്രാമായ ‘ക്ലബ്ബ് എഫ്.എം. സിനിമാക്കഥ സീസൺ 2’-ലൂടെയാണ് ഈ സിനിമ ഒരുക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനമായ മേയ് 21-ന് പിറന്നാൾസമ്മാനമായി റേഡിയോസിനിമ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ‘ലാലേട്ടൻ ഇനി ഏത് ജോണറിലുള്ള സിനിമയിൽ അഭിനയിച്ചുകാണാനാണ് നിങ്ങൾക്കിഷ്ടം’ എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ശ്രോതാക്കൾ പ്രതികരിച്ചത് അതൊരു ഹൊറർ കോമഡി സിനിമയായിരിക്കണം എന്നതായിരുന്നു. അത്തരം ഒരു കഥയ്ക്കായുള്ള അന്വേഷണമാണ് ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന സിനിമയായി ശ്രോതാക്കളിലേക്ക് എത്തുന്നത്.
മലയാളികളെ ഏറെ ചിരിപ്പിച്ച നടനും സംവിധായകനുമായ രമേഷ് പിഷാരടി, ക്ലബ്ബ് എഫ്.എം. സിനിമാക്കഥയുടെ ക്യൂറേറ്ററായി. പിഷാരടി കഥയ്ക്ക് തുടക്കമിട്ടു, തുടർച്ചയായ മൂന്നുദിവസങ്ങളിൽ പ്രേക്ഷകർ കഥയുടെ ബാക്കിഭാഗങ്ങൾ അവരവരുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിക്കാൻ തുടങ്ങി. ക്ലബ്ബ് എഫ്.എം. ശ്രോതാക്കൾ ആർ.ജെ.കളോടുപറഞ്ഞ കഥകൾ വിലയിരുത്തിയശേഷം രമേഷ് പിഷാരടിയും ക്ലബ്ബ് എഫ്.എം. സംഘവും സിനിമാക്കഥയ്ക്ക് ഒരു രൂപമുണ്ടാക്കി. ആ സിനിമയുടെ ട്രെയ്‌ലർ, ആനിമേഷൻ സിനിമാരൂപത്തിൽ ഏഷ്യാനെറ്റ് ബിഗ് ബോസ് വേദിയിൽ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ക്ലബ്ബ് എഫ്.എം. നൽകി.
ട്രെയ്‌ലർ കണ്ടശേഷം മോഹൻലാൽ ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിന് ശബ്ദംനൽകാൻ തയ്യാറാവുകയായിരുന്നു. സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് മാതൃഭൂമി സോഷ്യൽമീഡിയ ക്രിയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹൻലാലിനെക്കൂടാതെ, സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ക്ലബ്ബ് എഫ്.എം. റേഡിയോ ജോക്കികളും സഹപ്രവർത്തകരും ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു. ശബ്ദങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ക്ലബ്ബ് എഫ്.എം. ഈ സിനിമ ഒരുക്കുന്നത്. സംഗീതം ജോജു സെബാസ്റ്റ്യൻ, മ്യൂസിക് പ്രോഗ്രാമിങ് അഭിജിത് രവികുമാർ എന്നിവരും വിനീത്കുമാർ ടി.എൻ. സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു.
ഷൂട്ടിങ് തിരക്കുകൾക്കിടയിലും മോഹൻലാൽ ഈ പുതിയ പരീക്ഷണസിനിമാസാധ്യതയോടൊപ്പം ചേരുകയായിരുന്നു. എറണാകുളം വിസ്മയ സ്റ്റുഡിയോയിൽ മോഹൻലാൽ റേഡിയോ സിനിമയ്ക്കായുള്ള റെക്കോഡിങ് പൂർത്തിയാക്കി. പഴയ സിനിമാശബ്ദരേഖകളുടെയും റേഡിയോ നാടകങ്ങളുടെയും ഓർമ്മകൾ അദ്ദേഹം പങ്കുെവച്ചു. ദിനംപ്രതി രൂപംമാറുന്ന മാധ്യമങ്ങൾക്കൊപ്പം റേഡിയോയ്ക്കും അനന്തമായ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നതിന്റെ തെളിവാണ് ഇത്തരം പരീക്ഷണങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us