മോഹൻലാൽ നായകനാകുന്ന പാൻ-ഇന്ത്യ ദ്വിഭാഷാചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം ആരംഭിച്ചു. ലൊക്കേഷൻ ചിത്രങ്ങൾ സഹിതം മോഹൻലാൽതന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. തെലുഗുവിലും മലയാളത്തിലുമായാണ് നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റംചെയ്ത് അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും.
ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് നന്ദകിഷോർ ആണ്. റോഷൻ മേക്ക, ഷനായ കപുർ, സഹ്‌റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു.വൈകാരികതകൊണ്ടും വി.എഫ്.എക്സ്.കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. സഹ്‌റ എസ് ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഏറെ ആരാധകരുള്ള ഗായികയാണ് സഹ്‌റ എസ് ഖാൻ. 2021-ൽ പുറത്തിറങ്ങിയ 'സത്യമേവ ജയതേ 2' ലെ 'കുസു കുസു', 2022-ൽ പുറത്തിറങ്ങിയ 'ജഗ്‌ജഗ്ഗ് ജീയോ' ലെ 'ദ പഞ്ചപ സോങ്', തുടങ്ങിയ ഗാനങ്ങൾ സഹ്‌റ എസ് ഖാനാണ് ആലപിച്ചത്. കിംഗിനൊപ്പം 'ഓപ്‌സ്', 'മെയിൻ തേനു' തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.
എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ആക്ഷൻ എന്റർടൈനർ ചിത്രമാണ് 'വൃഷഭ'. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സിനാലും മികച്ച ദൃശ്യാവിഷ്ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. 2024 ൽ ചിത്രം റിലീസിനെത്തും. മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ടിൽ മോഹൻലാൽ എത്തിയിരുന്നു.