കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായിട്ടായിരുന്നു ജോജു ജോർജ് സംവിധാനത്തിൽ എത്തിയത്. ഒടുവിൽ ഏഴ് ദിവസം മുൻപ് പണി എന്ന ചിത്രം തിയറ്ററുകളിൽ എത്തി. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിക്കുന്നത്. ജോജുവിന് പണി അറിയാം എന്ന് കുറിച്ചു കൊണ്ടുള്ള ധാരാളം റിവ്യുകളും സോഷ്യൽ മീഡിയയിൽ വന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് പണി കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ പണി ഇതുവരം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 17.80 കോടിയാണ് ആഗോളതലത്തിൽ പണി നേടിയത്. ആറ് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യയിൽ നിന്നും 9.35 കോടി, ഓവർസീസ്‍ 7.00 കോടി, ഇന്ത്യ ഗ്രോസ് കളക്ഷൻ 10.80 കോടി എന്നിങ്ങനെയാണ് കണക്കുകൾ. വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.
അതോടൊപ്പം തന്നെ ദീപാവലി റിലീസുകളും തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഒക്ടോബർ 24നാണ് പണി റിലീസ് ചെയ്തത്. ജോജു ജോർജ് തന്നെയാണ് ചിത്രത്തിന് രചന നിർവഹിച്ചത്. സാഗർ, ജുനൈസ് എന്നിവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കാര്‍ത്തിക് സുബ്ബരാജ് അടക്കമുള്ളവര്‍ പണിയെ പ്രശംസിച്ച് എത്തിയിരുന്നു.