കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആഗോള മീഡിയം ടേം നോട്ട് പ്രോഗ്രാമിനു കീഴിലുള്ള സീനിയര്‍ സെക്യേര്‍ഡ് നോട്ടുകള്‍ വഴി 400 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്.
റിസര്‍വ് ബാങ്കിന്‍റ വിദേശ വാണിജ്യ വായ്പകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ഈ സമാഹരണത്തില്‍ ലോകമെമ്പാടുമുള്ള 125-ല്‍ ഏറെ നിക്ഷേപകരാണു പങ്കെടുത്തത്. 6.375 ശതമാനമാണ് ഇതിന്‍റെ കൂപ്പണ്‍ നിരക്ക്. ഈ നോട്ടുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള എന്‍എസ്ഇ ഇന്‍റ്റര്‍നാഷനല്‍ ഇക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തു.
ഡ്യൂഷെ ബാങ്കും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കുമാണ് ഇഷ്യൂവിന്‍റെ ഏര്‍പ്പാടുകാരും ഡീലര്‍മാരും.ആഗോള നിക്ഷേപകരുമായുള്ള തങ്ങളുടെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ സമാഹരണമെന്നും, കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യാനും നിക്ഷേപനിര വിപുലമാക്കാനും ഇത് കമ്പനിയെ സഹായിക്കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ് 2019-ല്‍ 450 മില്യണ്‍ ഡോളറും 2020-ല്‍ 550 മില്യണ്‍ ഡോളറും സമാഹരിച്ചു. യഥാക്രമം ഇത് 2022-ലും 2023-ലും നിശ്ചിത തീയതികളില്‍ തിരിച്ചടച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനി 7.125 ശതമാനം കൂപ്പണില്‍ 3.75 വര്‍ഷത്തേക്ക് ഇതേ രീതിയില്‍ 750 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.