കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിനു 11ാമത് സിഎസ്ആര്‍ ടൈംസ് ദേശീയ ഉച്ചകോടിയില്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ സിഎസ്ആര്‍ സംരംഭമായ മുത്തൂറ്റ് സ്നേഹാശ്രയ വെങ്കല പുരസ്കാരം നേടി. സാമൂഹിക വികസനത്തിന് മികച്ച സംഭാവനകള്‍ നല്കിയ സംഘടനകളെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായി ഗോവ രാജ്ഭവനില്‍ നടത്തിയ ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മാനേജര്‍ ജോബിന്‍ ജോസഫ് ജോര്‍ജ്, റീജിയണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ദീപക് ശങ്കര്‍ ബിരാദാറും ചേര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തില്‍ നിന്നും അവാര്ഡ് സ്വീകരിച്ചു. തദവസരത്തില്‍ സിഎസ്ആര്‍ ടൈംസ് എഡിറ്റര്‍ ഹരീഷ് ചന്ദ്ര, എയര്‍ മാര്‍ഷല്‍ വിപിഎസ് റാണ എന്നിവര്‍ സന്നിഹിതരായിരുന്നു.
2014ല്‍ ആരംഭിച്ച മുത്തൂറ്റ് സ്നേഹാശ്രയ ആരോഗ്യമേഖലയിലെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രധാന സിഎസ്ആര്‍ സംരംഭങ്ങളിലൊന്നാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കിടയില്‍ രോഗനിര്‍ണയം പ്രാരംഭ ഘട്ടത്തില്‍ ലഭ്യമാക്കുന്ന പദ്ധതി കേരളം, തമിഴ്നാട്, തെലങ്കാന, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ധം എന്നിവയ്ക്ക് ലഭ്യമാക്കുന്ന സഹായം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷത്തോളം ആളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. നടത്തിയ രക്തപരിശോധനയുടെ ഫലത്തെ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ എ, ബി, സി ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് എ സുസ്ഥിരവും ആരോഗ്യകരവുമായ വിഭാഗത്തിന് കീഴിലാണെങ്കിലും, അവസാനത്തെ രണ്ട് (ബി & സി) ഒന്നുകില്‍ മറ്റു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളവരായും അല്ലെങ്കില്‍ ഇതിനകം അടിയന്തിര വൈദ്യ ഇടപെടല്‍ ആവശ്യമായ ഗുരുതരമായ ആരോഗ്യസ്ഥിതിയുള്ളവരെയും ഉള്‍പ്പെടുത്തുന്നു.
മുത്തൂറ്റ് സ്നേഹാശ്രയയുടെ ഉപയോഗം മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ദുര്‍ബലരായ വ്യക്തികളുമായി, പ്രത്യേകിച്ച് ബി, സി വിഭാഗങ്ങളില്‍പ്പെട്ടവരുമായി ഇടപഴകാന്‍ കമ്പനി ടെലി കോളര്‍മാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് ഫിനാന്‍സ് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകളും മരുന്നുകളും വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നതിലൂടെ അവശ്യ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തിക തടസ്സങ്ങള്‍ മൂലം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുന്നു.
മുത്തൂറ്റ് സ്നേഹാശ്രയയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഒരു ലക്ഷം വ്യക്തികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മുത്തൂറ്റ് സ്നേഹാശ്രയയ്ക്ക് കീഴില്‍ സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത് സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.