/sathyam/media/media_files/2roTI8a393Ms0fRry0K3.jpeg)
കോട്ടയം: മുട്ടമ്പലം പ്രദേശത്ത് അടിപ്പാതയുടെ സമീപത്ത് കൂടി കടന്നു പോകുന്ന പി ആൻഡ് ടി ക്വാർട്ടേഴ്സ് റോഡിൽ പണിത കലുങ്ക് വില്ലനായി. ഒഴുക്ക് നിലച്ച കലുങ്കിൽ നിന്നുകനത്ത മഴയിൽ വെള്ളം കവിഞ്ഞ് ഒഴുകി സമീപ വീടുകളിൽ കയറുന്നത് നിത്യസംഭവമായി. നാട്ടുകാർ പരാതി പറഞ്ഞ് മടുത്തു.പാത ഇരട്ടിപ്പിച്ചപ്പോൾ ഇടതുവശത്തു നിന്നും വെള്ളം ഒഴുകി പോകുന്നതിനു 3 വലിയ പൈപ്പുകൾ സ്ഥാപിച്ചു.
2 കലുങ്കുകളും വെള്ളം ഒഴുകുന്നതിനു ഓടയും നിർമിച്ചു. ഓടകളും പൈപ്പുകളും മാലിന്യം നിറഞ്ഞ് ഭാഗികമായി അടഞ്ഞു. ഇതോടെയാണ് വെള്ളം കവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. പി ആൻഡ് ടി ക്വാർട്ടേഴ്സ് റോഡിനു പുറമേ അശ്വതിപുരം കോളനിക്കു സമീപമായിട്ടുമാണ് കലുങ്കുകൾ പണിതത്. പാറക്കവല മുതലുള്ള വീട്ടുകാരാണ് ദുരിതത്തിലായത്.
കെകെ റോഡിൽ പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപത്തു നിന്നു മുതലുള്ള വെള്ളവും മാലിന്യവും ഒഴുകി എത്തിച്ചേരുന്നത് പാറക്കവലയ്ക്ക് സമീപമാണ്. കൂടാതെ ഉയർന്ന സ്ഥലത്തെ റെയിൽവേ പാതയുടെ ഭാഗത്തെ വെള്ളവും ഇവിടെയെത്തുന്നതോടെ ചെറിയ കനാലിന്റെ അവസ്ഥയിലാകും പ്രദേശം.
പാറക്കവല – പി ആൻഡ് ടി ക്വാർട്ടേഴ്സ് റോഡ് വലിയ വാഹനങ്ങൾ കടന്നു പോകാവുന്ന അവസ്ഥയിലായിരുന്നു. അടിപ്പാത വന്നതോടെ വഴിയുടെ രൂപം മാറി. പഴയ വഴിയുടെ നടുക്കായി കലുങ്ക്. ഇതോടെ വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്നില്ല. റോഡും സമീപ സ്ഥലങ്ങളും റെയിൽവേയുടേതാണ്.