New Update
/sathyam/media/media_files/uVCK4lZ5dDp8WtwRSh07.jpg)
ദേശീയപാതകളില്‍ സിഗ്‌നല്‍ സംവിധാനത്തില്‍ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇതിനുള്ള വേഗപരിധി, നോ പാര്‍ക്കിങ്, നോ എന്‍ട്രി തുടങ്ങിയ സിഗ്‌നലുകള്‍ ഉള്‍പ്പെടെ നന്ദി (താങ്ക്യു) വരെ ശ്രദ്ധിക്കണം. ദേശീയപാത അതോറിറ്റി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.
ദേശീയപാതയിലും എക്‌സ്പ്രസ് വേകളിലും നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ കൃത്യമായ സിഗ്‌നല്‍ വേണം. പുതിയ ദേശീയപാതകളിലും ഈ ചിഹ്നങ്ങള്‍ വെക്കണമെന്ന് 'മോര്‍ത്ത് ' പറയുന്നു. നിര്‍ദേശിച്ച അളവിലും വലുപ്പത്തിലുമായിരിക്കണം ഓരോ സിഗ്‌നലും. ചുവന്ന വൃത്തത്തിനുള്ളിലെ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍, ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകള്‍, നീല ചതുരത്തിലെ വിവരങ്ങള്‍ നല്‍കുന്ന സിഗ്‌നലുകള്‍ എന്നിവ പ്രധാനമാണ്.
അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പര്‍ -1033 -എല്ലാ അഞ്ച് കിലോമീറ്ററിനുള്ളിലും പ്രദര്‍ശിപ്പിക്കണം. വേഗപരിധി, പ്രവേശനമില്ല (നോ എന്‍ട്രി), വേഗനിയന്ത്രണം, നോ പാര്‍ക്കിങ് എന്നിവയ്ക്ക് ഓരോ അഞ്ചുകിലോമീറ്ററിലും അടയാളം വേണം. സ്ഥലസൂചക ബോര്‍ഡ് (റൂട്ട് മാര്‍ക്കര്‍) അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വെക്കണം. ഇടത്-വലത് വളവുകള്‍, ദേശീയപാതയിലേക്കുള്ള വരവും പോക്കും (എന്‍ട്രി/ എക്‌സിറ്റ്) എന്നിവയും പ്രധാനമാണ്.
റിഫ്‌ലക്ടറുകളുടെ നിറം, മറികടക്കാനുള്ള ലൈന്‍, ട്രക്ക് ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് പോകാനുള്ള അടയാളം, ആസ്പത്രികള്‍, പെട്രോള്‍ പമ്പുകള്‍, വര്‍ക്ക് ഷോപ്പ് തുടങ്ങിയ സേവനങ്ങള്‍, അടിയന്തര ഫോണ്‍ സര്‍വീസ് ഉണ്ടെന്ന അറിയിപ്പ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.റോഡിലെ വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ദേശീയപാതകളിലാണ്. കേരളത്തില്‍ 2018 മുതല്‍ 2022 വരെ 42,033 അപകടങ്ങള്‍ നടന്നു. ഇതില്‍ 5417 പേര്‍ മരിച്ചു. 47,222 പേര്‍ക്ക് പരിക്കേറ്റു.