/sathyam/media/media_files/XKzWXXyZkLEm38nyq3qm.jpeg)
കൊല്ലം ∙ ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നതിന് അലക്ഷ്യമായി റോഡ് കുഴിക്കുന്നതു മൂലം പൈപ്പ് പൊട്ടി ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉൾപ്പെടെ കൂറ്റൻ പൈപ്പ് ലൈൻ ആണ് പലതവണ പൊട്ടിയത്. വരൾച്ച കഠിനമാവുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യുമ്പോൾ ദശലക്ഷക്കണക്കിനു ലീറ്റർ ജലം പാഴാകുന്നത് പതിവായി.
റോഡ് നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചുമതല റോഡ് നിർമാണ കരാറുകാർക്കാണ്. പൈപ്പ് ലൈൻ പൊട്ടിയാലും റോഡ് നിർമാണ കരാർ കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാൽ പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തുന്നതിനു കരാർ സ്ഥാപനം കാലതാമസം വരുത്തുകയാണ്.
കാവനാട് ആൽത്തറമൂട്ടിൽ പൈപ്പ് ലൈൻ പൊട്ടി 8 ദിവസം പിന്നിട്ടപ്പോൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ച ശേഷമാണ് കരാർ കമ്പനി അറ്റകുറ്റപ്പണി നടത്താൻ തയാറായത്. ഉപരിതല ജലസംഭരണിയിൽ നിന്നു വിതരണ ലൈനിലേക്കുള്ള പ്രധാന പൈപ്പ് ആണ് പൊട്ടിയത്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനലൂരിൽ നിന്നു ഉപരിതല സംഭരണിയിലേക്ക് ജലം എത്തിക്കുന്ന കൂറ്റൻ പൈപ്പ് ലൈൻ കൊട്ടിയത്ത് അടുത്തിടെ രണ്ടു തവണയാണ് പൊട്ടിയത്. ചാത്തന്നൂർ, കെഎസ്ആർടിസി ജംക്‌ഷനിൽ അടിപ്പാത നിർമാണം നടത്തവെ ഏതാനും മാസം മുൻപ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വാൽവ് ചേംബർ തകർന്നു സമീപത്തെ വീടുകൾ വെള്ളക്കെട്ടിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ്, വെള്ളം കയറിയ വീട്ടിൽ നിന്നു വയോധികരെ രാത്രിയിൽ രക്ഷപ്പെടുത്തിയത്.
ചാത്തന്നൂർ ശീമാട്ടിയിൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും അടുത്തിടെ ഒരാഴ്ചയോളം ജലവിതരണം തടസ്സപ്പെട്ടു. കൂട്ടിയോജിപ്പിക്കുന്ന ഭാഗങ്ങൾ കോൺക്രീറ്റ് നടത്തി ബലപ്പെടുത്തിയ ശേഷം പൈപ്പ് മുറിച്ചു മാറ്റുന്നതിനു പകരം പൈപ്പ് മുറിച്ചു മാറ്റി പുനഃസ്ഥാപിച്ച ശേഷം കോൺക്രീറ്റ് ചെയ്യുകയാണ് കരാറുകാർ. ഇതിന് 10 ദിവസത്തിലേറെ സമയം വേണ്ടിവരും.
നേരത്തെ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയ ശേഷം പൈപ്പ് മുറിച്ചാൽ ഒരു ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകും. ഇതിന് കൂടുതൽ അധ്വാനവും സാങ്കേതിക പരിജ്ഞാനവും വേണം. പ്രധാന പൈപ്പ് ലൈൻ പൊട്ടുന്നതു മൂലം വലിയൊരു മേഖലയിൽ ദിവസങ്ങളോളം ജല വിതരണം തടസ്സപ്പെടും.
പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാത്തതിനാൽ പാരിപ്പള്ളി മേഖലയിൽ രണ്ടര മാസമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്. കടമ്പാട്ടുകോണം, ചാവർകോട്, എഴുപ്പുറം, മുക്കട മേഖലയിലാണ് കുടിവെള്ളം ലഭിക്കാത്തത്. എഴിപ്പുറം ലക്ഷംവീട് കോളനിയിൽ 70 വീട്ടുകാർ ഇപ്പോൾ ആശ്രയിക്കുന്നത് 2 പൊതു കിണറുകളെ ആണ്. കഠിനമായ വേനലിനു പുറമേ ഉത്സവകാലം കൂടിയാണ് ഇപ്പോൾ. കുടിവെള്ളത്തിനായി പല മേഖലകളിലും നെട്ടോട്ടമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us