ഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി ഉന്നതതല പാനലിന്റെ ശുപാര്‍ശ. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ പ്രൊഫസർ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
രാമായണം, മഹാഭാരതം എന്നിവ ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര സിലബസിന്റെ ഭാഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കമെന്നാണ് കരുതുന്നത്. പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് രാജ്യംവിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത്. ഇത്തരം പ്രവണതകൾ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്.
നിലവിൽ ചില വിദ്യാഭ്യാസ ബോർഡുകൾ രാമായണം പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു മിത്തെന്ന രീതിയിലാണ് വിഷയം പഠിപ്പിക്കുന്നത്. ഇത്തരം ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും സി.ഐ ഐസക് ചോദിച്ചു.
നേരത്തെ പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' യ്ക്ക് പകരം'ഭാരത്' എന്ന് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സി.ഐ ഐസക്കിന്റെ കീഴിലുള്ള കമ്മിറ്റി ശുപാർശ നൽകിയത് വലിയ വിവാദമായിരുന്നു. എന്നാല്‍, പാനല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പ്രതികരിച്ചിരുന്നു.