ആര്‍മി, നേവി, എയര്‍ഫോഴ്സ് പ്രവേശനത്തിനുള്ള നാഷണല്‍ ഡിഫെന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി എക്‌സാമിനേഷന്‍ (II)2024ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 404 ഒഴിവുണ്ട്. നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ 370 ഒഴിവും നേവല്‍ അക്കാദമിയില്‍ (10+2 കേഡറ്റ് എന്‍ട്രി സ്‌കീം) 34 ഒഴിവുമാണുള്ളത്. വനിതകള്‍ക്കായി 27 ഒഴിവുണ്ട്. 2025 ജൂലായ് 2-നാണ് കോഴ്സുകള്‍ ആരംഭിക്കുക.
യോഗ്യത: പ്ലസ്ടു ജയം അല്ലെങ്കില്‍ തത്തുല്യം. നേവല്‍ അക്കാദമിയിലേക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലെ എയര്‍ഫോഴ്സ്, നേവി വിഭാഗങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്ന പന്ത്രണ്ടാംക്ലാസ് ജയം/തത്തുല്യവുമാണ് യോഗ്യത. നിലവില്‍ പന്ത്രണ്ടാംക്ലാസില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ അവിവാഹിതരും മികച്ച ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. ശാരീരികക്ഷമത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
പ്രായം: അപേക്ഷകര്‍ 2006 ജനുവരി 2-നുമുന്‍പോ 2009 ജനുവരി 1-നുശേഷമോ ജനിച്ചവരാകരുത്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.പാര്‍ട്ട്-എ (മാത്തമാറ്റിക്‌സ്), പാര്‍ട്ട്-ബി (ജനറല്‍ എബിലിറ്റി ടെസ്റ്റ്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ആകെ 900 മാര്‍ക്കിന്റെ ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷയ്ക്ക് അഞ്ചുമണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. വിശദമായ സിലബസ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷ.
കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല മറ്റുള്ളവര്‍ക്ക് 100 രൂപ. അപേക്ഷാഫീസ് എസ്.ബി.ഐ. ബ്രാഞ്ച് മുഖേന പണമായോ ഓണ്‍ലൈനായോ അടയ്ക്കാം.വിശദവിവരങ്ങള്‍ www.upsc.gov.in
എന്ന വെബ്സൈറ്റില്‍ ലഭിക്കും. www.upsconline.nic.in. എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4 (വൈകീട്ട് 6 മണിവരെ).