ആലപ്പുഴ∙നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണു പണം അനുവദിക്കുമെന്ന് അറിയിച്ചത്.
വള്ളംകളി എപ്പോൾ നടത്തുമെന്നു തീരുമാനിക്കുന്നോ അപ്പോൾ ടൂറിസം വകുപ്പ് തുക അനുവദിക്കുമെന്നാണു മന്ത്രി പറഞ്ഞത്. എന്നാൽ വള്ളംകളി തീയതി എന്നു തീരുമാനിക്കുമെന്നു വ്യക്തത വന്നിട്ടില്ല. സർക്കാർ പണം മുടക്കിയുള്ള ആഘോഷ പരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. അതിനാൽ നെഹ്റു ട്രോഫി വള്ളംകളിക്ക് അനുവദിച്ച തുക ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു.
തുക ലഭിക്കുമെന്ന് ഉറപ്പായതോടെ വള്ളംകളിയുടെ പുതിയ തീയതി ഉടനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. നാലിനു നടക്കുന്ന കാബിനറ്റ് യോഗത്തിൽ നെഹ്റു ട്രോഫിയുടെ തീയതി സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. ജില്ലയിലെ മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുകയും തീയതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും ആണ് വിവരം.
സ്ഥലത്തില്ലാതിരുന്ന പി.പി.ചിത്തരഞ്ജൻ എംഎൽഎ കൂടി എത്തുന്നതോടെ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ഈയാഴ്ച തന്നെ യോഗം ചേർന്നേക്കും. ഇതിൽ വള്ളംകളി നടത്തുന്നതിനുള്ള തീയതി തീരുമാനിക്കുമെന്നാണു സൂചന. ഓണത്തിനു ശേഷമുള്ള തീയതിയിൽ ഈ മാസം തന്നെ വള്ളംകളി നടത്താനാണ് ശ്രമം.