/sathyam/media/media_files/9fBvsyYGtFEBCygdftuh.jpeg)
ആലപ്പുഴ∙സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കു കോടികളുടെ നഷ്ടം. നെഹ്റു ട്രോഫി വള്ളംകളി മാറ്റി വച്ചതു കാരണമാണ് വിനോദ സഞ്ചാര മേഖലയ്ക്കു കോടികളുടെ നഷ്ടം ഉണ്ടായിരിക്കുന്നത്.ഹോട്ടൽ, റിസോർട്ട്, ഹൗസ്ബോട്ട് തുടങ്ങിയവയിലായി രണ്ടു കോടിയിലധികം രൂപയുടെ നഷ്ടം ഇതിനകം ഉണ്ടായെന്നാണ് ഏകദേശ കണക്ക്.
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടയിലും സമീപത്തുമുള്ള ഹോട്ടലുകൾക്കു വള്ളംകളി ദിവസമായ 10നു മുഴുവൻ മുറികൾക്കും ബുക്കിങ് ലഭിച്ചിരുന്നു. വള്ളംകളി മാറ്റിയെന്ന അറിയിപ്പു വന്നു രണ്ടു ദിവസത്തിനകം പകുതിയിലധികം മുറികളുടെയും ബുക്കിങ് കാൻസൽ ആയി.
മുൻകൂട്ടി താമസ സൗകര്യവും ഹൗസ്ബോട്ടും ബുക്ക് ചെയ്ത മിക്കവരും വള്ളംകളി മാറ്റിവച്ചതോടെ ബുക്കിങ് കാൻസൽ ചെയ്തതാണു പ്രധാന കാരണം. വിദേശ വിനോദ സഞ്ചാരികൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ തുടങ്ങിയവർ കേരളത്തിലേക്കുള്ള യാത്ര തന്നെ ഒഴിവാക്കി.
ബുക്കിങ് കാൻസൽ ചെയ്തവരിൽ ചെറിയൊരു ശതമാനം മാത്രമാണ് പുതിയ തീയതിയിൽ വള്ളംകളി കാണാൻ എത്തും എന്നു ഹോട്ടലുകാരെ അറിയിച്ചത്.ഇതോടെ മുഴുവൻ തുകയും മടക്കി നൽകേണ്ടി വന്നു. ഹൗസ്ബോട്ടുകൾക്കും സമാനമായി ബുക്കിങ് നഷ്ടമായിട്ടുണ്ട്. ഹൗസ്ബോട്ട്, ശിക്കാര, മോട്ടർ ബോട്ട് മേഖലയ്ക്കു മാത്രം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്. മറ്റൊരു ദിവസം വള്ളംകളി നടത്തിയാലും സഞ്ചാരികൾ കുറയുമെന്നാണു വിലയിരുത്തൽ.
കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കനത്ത മഴയുള്ളതും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നതും സഞ്ചാരികളുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചു കേരളത്തിലെത്തി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു മടങ്ങാനിരുന്ന സംഘങ്ങളും യാത്ര കാൻസൽ ചെയ്തിട്ടുണ്ട്. ഇനി കേരളത്തിലേക്കു യാത്ര പ്ലാൻ ചെയ്യേണ്ട എന്നാണു സഞ്ചാരികൾ വിദേശ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടത്. ഇവരിൽ കൂടുതലും സിംഗപ്പൂർ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതേ കാലയളവിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. വള്ളംകളി മാറ്റി വച്ചപ്പോൾ പുതുക്കിയ തീയതി പ്രഖ്യാപിക്കുക കൂടി ചെയ്തിരുന്നെങ്കിൽ കുറച്ചെങ്കിലും സഞ്ചാരികളെ പിടിച്ചുനിർത്താമായിരുന്നെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us