/sathyam/media/media_files/MZ2DNxGOFxYw27BITerG.jpeg)
ആലപ്പുഴ: ഓഗസ്റ്റ് 10, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ മാധ്യമ കവറേജിനും സുഗമമായ ചിത്രീകരണത്തിനുമുള്ള സൗകര്യം മെച്ചപ്പെടുത്താൻ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയോട് ആവശ്യപ്പെടാൻ കളക്ടറേറ്റിൽ ചേർന്ന പബ്ലിസിറ്റി കമ്മിറ്റി പ്രഥമ യോഗം തീരുമാനിച്ചു.
വള്ളംകളിയുടെ ഭാഗമായി ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ലോഗോ തയ്യാറാക്കൽ മത്സര വിജയിക്കുള്ള സമ്മാനത്തുക 10,000 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. മാധ്യമപ്രവർത്തകരുമായി ചേർന്ന് പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന തുഴത്താളം ഫോട്ടോ പ്രദർശനത്തിൽ മികച്ച ഫോട്ടോയ്ക്ക് സമ്മാനമായി സ്വർണനാണയം നൽകും. വള്ളംകളിയുടെ ആവേശം ജനങ്ങളിൽ എത്തിക്കാൻ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കും.
കമന്ററി മത്സരം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന മത്സരം നിറച്ചാര്‍ത്ത്, ഭാഗ്യചിഹ്നം തയ്യാറാക്കല്‍, ഭാഗ്യചിഹ്നത്തിന് പേരിടല്‍, എന്നിവയ്ക്കു പുറമെ കോളജ് വിദ്യാർഥികൾക്കായി ഫേസ്പേന്റിങ് മത്സരവും സംഘടിപ്പിക്കും. മത്സരയിനങ്ങള്‍ക്ക് സ്വർണ്ണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് യോഗം ചേര്‍ന്നത്. കമ്മിറ്റി അംഗങ്ങളായ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, എ. കബീര്‍, കെ. നാസര്‍, എസ്.എ. അബ്ദുൽ സലാം ലബ്ബ, റോയ് പാലത്ര, എം.പി. ഗുരുദയാൽ, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us