പുതിയ ഇലക്ട്രിക് ഫോർ വീലർ മഹീന്ദ്ര സിയോ പുറത്തിറക്കി. ശക്തമായ റേഞ്ചും എഡിഎഎസ് ഉൾപ്പെടെയുള്ള ഒരുപാട് പ്രത്യേകതകളുമായാണ് സിയോ ഇവി വരുന്നത്. ഈ ഇലക്ട്രിക് ഫോർ വീലർ വാനിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് വെറും 7.52 ലക്ഷം രൂപയിലാണ്. അതേസമയം, ഏറ്റവും ഉയർന്ന വേരിയൻ്റിന് 7.99 ലക്ഷം രൂപയാണ് വില. ഡെലിവറി വാൻ, പിക്കപ്പ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ സിയോ അവതരിപ്പിച്ചിരിക്കുന്നത്.
ട്രിയോ, ആൽഫ, സോർ, ജീത്തോ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ലാസ്റ്റ് മൈൽ മൊബിലിറ്റി ഡിവിഷനിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് പുതിയ ഫോർവീൽ ഇലക്ട്രിക് ട്രക്ക് എന്നാണ് കമ്പനി പറയുന്നത്. ഡീസൽ ചെറുകിട വാണിജ്യ വാഹനങ്ങളെ അപേക്ഷിച്ച് മഹീന്ദ്ര സിയോ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏഴ് വർഷം കൊണ്ട് ഏഴുലക്ഷം രൂപ വരെ ലാഭിക്കാമെന്നും കമ്പനി പറയുന്നു.
ഈ ഇലക്ട്രിക് കാർഗോയ്ക്ക് 1.5 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 7 വർഷം വാറൻ്റിയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. സിയോ ഇലക്ട്രിക്ക് പിക്കപ്പിന്‍റെ ഇലക്ട്രിക് മോട്ടോർ പരമാവധി 41 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത. 2500 എംഎം നീളമുള്ള വീൽബേസ് എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും സ്ഥിരത നൽകുന്നുവെന്ന് കമ്പനി പറയുന്നു.
ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, മഹീന്ദ്ര സിയോ 60 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് നൽകാൻ പ്രാപ്തമാണ്. അതിനാൽ കൂടുതൽ ഡ്രൈവ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭിക്കാം. മഹീന്ദ്ര സിയോ ഒന്നിലധികം ചാർജർ ഓപ്ഷനുകളിലും ലഭ്യമാണ്. ഇതിൽ ഓൺ-ബോർഡ് 3.3 kW ഹോം ചാർജറും ഉൾപ്പെടുന്നു, ഈ ഫോർ വീലർ പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. ഫാസ്റ്റ് എസി ചാർജറിൻ്റെ സഹായത്തോടെ, വെറും മൂന്ന് മണിക്കൂറിനുള്ളിൽ സിയോ പൂർണ്ണമായും ചാർജ് ചെയ്യാം.