ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ വിവാഹമാണ് പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും. രാജസ്ഥാനിലെ ജോദ്പൂർ പാലസിൽ നടന്ന വിവാഹം ദിവസങ്ങളാണ് നീണ്ടുനിന്നത്. ഇന്ത്യൻ ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് വിവാഹം നടന്നത്. വിവാഹത്തിനായി 3.5 കോടി രൂപ ദമ്പതികൾ ചെലവാക്കിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ആഡംബര വിവാഹത്തിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
സഹോദരന്മാരായ കെവിനും ജോയ്ക്കുമൊപ്പമുള്ള അഭിമുഖത്തിലാണ് നിക്ക് വിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞത്. നിരവധി വിവാഹങ്ങളുണ്ടായല്ലോ, ഏതെങ്കിലും സമയത്ത് വിവാഹം മടുത്തിരുന്നോ എന്നായിരുന്നു ചോദ്യം. മടുത്തിരുന്നു എന്നായിരുന്നു നിക്കിന്റെ മറുപടി. വിവാഹത്തിന്റെ ബില്ല് കണ്ടപ്പോൾ കണ്ണു തള്ളിപ്പോയെന്നാണ് താരം പറഞ്ഞത്. പ്രതീക്ഷിച്ചതിലും ചെലവു കൂടിയെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുവെന്നും നിക്ക് കൂട്ടിച്ചേർത്തു.
2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. ഇരുവർക്കും ഇപ്പോൾ മാൾട്ടി എന്ന മകളുണ്ട്.