കൊച്ചി: മുംബൈയില് നടക്കുന്ന ഗ്ലോബല് ഫിന്ടെക് ഫെസ്റ്റിലെ നാഷണല് പെയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) പവിലിയന് ഡിജിറ്റല് പെയ്മെന്റ് രംഗത്തു ഭാവിയില് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമാകുന്നു. നിര്മിതബുദ്ധി, എല്ലാവരേയും ഉള്പ്പെടുത്തല്, പുതുമകള് എന്നിവയുടെ അടിസ്ഥാനത്തില് അടുത്ത ദശാബ്ദത്തില് സംഭവിക്കുന്നവയുടെ രൂപരേഖയാണ് ഇവിടെ എന്പിസിഐ അവതരിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് എന്പിസിഐ നടത്തുന്ന നീക്കങ്ങളും പവിലിയന്റെ ഓരോ വിഭാഗങ്ങളിലും വ്യക്തമാക്കുന്നുണ്ട്.
യുപിഐ രംഗത്തെ മാറ്റങ്ങള്‍, ഭീം ആപ് ഉള്പ്പെടെയുള്ളവയുടെ സവിശേഷതകള്‍, യുപിഐ എടിഎം തുടങ്ങിയവയാണ് യുപിഐ വിഭാഗത്തിലെ സവിശേഷതകള്‍. റുപെ വഴിയുള്ള പ്രത്യേക നേട്ടങ്ങള് സവിശേഷതകള് തുടങ്ങിയവ വിവരിക്കുന്ന പ്രത്യേക വിഭാഗവും പവിലിയനിലുണ്ട്. പരമ്പരാഗത കാര്ഡുകള് ഇല്ലാതെയുള്ള പണമടക്കല് രീതികള്‍, റുപെ ഓണ് ദി ഗോ തുടങ്ങിയവ അനുഭവിക്കാന് ഇവിടെയെത്തുന്നവര്ക്ക് അവസരം ലഭിക്കും. എന്പിസിഐ ഭാരത് ബില് പെ, എന്പിസിഐ ഇന്റര്നാഷണല് സോണ് തുടങ്ങിയവയാണ് മറ്റു പ്രധാന വിഭാഗങ്ങള്‍.