കൊച്ചി: കുട്ടികൾക്ക് വേണ്ടിയുള്ള എൻപിഎസ് വാത്സല്യ (നാഷണൽ പെൻഷൻ സിസ്റ്റം വാത്സല്യ) പദ്ധതി ഫെഡറൽ ബാങ്കിൽ ലഭ്യമാക്കി. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കേന്ദ്രസർക്കാർ ആരംഭിച്ചതാണ് എൻപിഎസ് വാത്സല്യ പദ്ധതി. ഈ മാസം 18 നാണ് പദ്ധതി നിലവിൽവന്നത്. കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. ആയിരം രൂപയാണ് പദ്ധതിയിലേക്ക് പ്രതിവര്‍ഷം അടയ്‌ക്കേണ്ട കുറഞ്ഞ തുക.
കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻപിഎസ് അക്കൗണ്ട് ആക്കി മാറ്റിയെടുക്കാവുന്നതാണ്.
കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ് എൻപിഎസ് വാത്സല്യ പദ്ധതിയെന്ന് ഫെഡറൽ ബാങ്ക് കൺട്രി ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ പി വി ജോയ് പറഞ്ഞു. ഭാവിയിലേക്ക് കരുതിവെയ്ക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനുമായി സർക്കാർ ആരംഭിച്ച ഈ പദ്ധതിയിൽ പങ്കാളിയാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ആക്ട് 80 സിസിഡി(1), 80 സിസിഡി(1ബി) വകുപ്പുകൾ പ്രകാരം നികുതി ഇളവുകൾക്ക് അർഹമായ എൻപിഎസ് വാത്സല്യ പദ്ധതി കൈകാര്യം ചെയ്യുന്നത് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ്.