തിരുവനന്തപുരം: കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നത് മദ്യവും ലോട്ടറിയുമാണെന്ന് ആരോപണമുന്നയിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. സംസ്ഥാനത്ത് വ്യവസായമടക്കം മറ്റ് നികുതി വരുമാന സ്രോതസുകൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ വിമർശനം. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് മലയാളികളുടെ ഭാഗ്യാന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. 25കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന്റെ 5ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയുടെ ആദ്യ ദിനം തന്നെ മലയാളികൾ വാങ്ങിക്കൂട്ടിയത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്. ഓണം ബമ്പർ ടിക്കറ്റ് വാങ്ങിക്കൂട്ടി ഭാഗ്യാന്വേഷണം നടത്താൻ മലയാളികൾ ഇറങ്ങിയതോടെ വിൽപ്പന റെക്കോർഡിടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്ത ഓണം ബമ്പർ ആദ്യ വില്പനയ്ക്കായി വിവിധ ജില്ലാ ഓഫീസുകളിലേക്ക് 6 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അയച്ചത്. ഇതിൽ 5ലക്ഷത്തോളം ടിക്കറ്റുകൾ ഒറ്ര ദിവസം കൊണ്ട് വിറ്റുതീർന്നു. ഇതൊരു സർവകാല റെക്കോർഡാണ്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ആവശ്യമനുസരിച്ച് 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിക്കും. കഴിഞ്ഞ വർഷം 67,50,000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 66,55,914 ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
മുൻവർഷങ്ങളേതിനേക്കാൾ ആകർഷകമായ സമ്മാനഘടനയുമാണ് ഓണം ബമ്പർ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 1,36,759 സമ്മാനങ്ങൾ അധികമുണ്ട്. രണ്ടാം സമ്മാനംഒരു കോടി വീതം 20 പേർക്കുണ്ട്. കഴിഞ്ഞ തവണ ഒരാൾക്ക് 5 കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക് ഇങ്ങനെ പോവുന്നു സമ്മാനങ്ങളുടെ പെരുമഴ. സെപ്തംബർ 20നാണ് നറുക്കെടുപ്പ്.