/sathyam/media/media_files/wPPvcv0dlfXNFZ1SLhzp.jpg)
തിരുവനന്തപുരം : ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രമായി ചുരുങ്ങി. ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനും പ്രത്യേകവിഹിതം വേണം. ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും.2000 കോടി രൂപയാണ് സപ്ലൈകോയ്ക്കുള്ള സർക്കാർ കുടിശ്ശിക. ഉടൻ 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് അഭ്യർഥിച്ചിട്ടും 250 കോടി രൂപ നൽകാനേ ധനവകുപ്പ് സമ്മതിച്ചിട്ടുള്ളൂ. ഈയാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു.
സബ്‌സിഡിക്ക് വിൽക്കുന്നതിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾ മാത്രമേ സപ്ലൈകോയിൽ ശേഖരമുള്ളൂ. നേരത്തേ സാധനങ്ങൾ വാങ്ങിയതിൽ 600 കോടി രൂപയാണ് വിതരണക്കാർക്കുള്ള കുടിശ്ശിക. ശേഖരം തീർന്ന സാധനങ്ങൾ വാങ്ങാൻ ഇ-ടെൻഡർ വിളിച്ചപ്പോൾ വിതരണക്കാരും മടിച്ചു. ശേഖരം തീർന്ന സാധനങ്ങൾ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ വിതരണക്കാർ ഉടൻ ലഭ്യമാക്കുമെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.
കുടിശ്ശിക കൂടിയതോടെ അരി വിതരണക്കാരും ഇ-ടെൻഡറിൽ വേണ്ടത്ര സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുലക്ഷം മെട്രിക് ടൺ എത്തിച്ചു നൽകാൻ ആന്ധ്രാപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്രസർക്കാരിനോടും കൂടുതൽ ഭക്ഷ്യധാന്യവിഹിതം ആവശ്യപ്പെട്ടിട്ടുണ്ട്. സപ്ലൈകോയ്ക്കുള്ള കുടിശ്ശിക സർക്കാർ ഉടൻ നൽകിയില്ലെങ്കിൽ ഓണച്ചന്തയെയും ബാധിക്കും. സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ ഇല്ലാതായാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കും.