തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ മറന്ന്, സാമൂഹികക്ഷേമ പെൻഷൻ ഒരു ഗഡു മാത്രം നൽകാൻ ധനവകുപ്പ് നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ എല്ലാ മാസവും സാമൂഹികക്ഷേമ പെൻഷൻ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ നൽകിയ വാഗ്ദാനം.
ഡിസംബർ മുതൽ 6 മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയാണെങ്കിലും ഇതു നൽകാനുള്ള 4500 കോടിയിലേറെ രൂപ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ക്ഷേമ പെൻഷൻ നൽകാൻ പണം കണ്ടെത്താൻ രൂപീകരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലായ സാഹചര്യത്തിൽ മറ്റ് എവിടെ നിന്നെങ്കിലും പണം കണ്ടെത്തേണ്ടി വരും.