എടത്വ∙ നെൽക്കൃഷി മേഖലയിൽ ശുഭപ്രതീക്ഷ.കാലാവസ്ഥ അനുകൂലമായാൽ ഇതിലും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നത്.ഇക്കുറി 30000 ഹെക്ടറിൽ പുഞ്ചക്കൃഷിക്കു മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം കരുവാറ്റ ചാലുങ്കൽ, ചെറുതന തണ്ടപ്ര തേവേരി, തകഴി പേളേപ്പാടം എന്നിവിടങ്ങളിൽ വിത നടത്തി.2023–24 സീസണിൽ ജില്ലയിൽ 30720 കർഷകരിലൂടെ ഒന്നാം കൃഷി (രണ്ടാം വിള) ചെയ്തത് 28720 ഹെക്ടറിലാണ്. അടുത്തയാഴ്ച തകഴി കോനാട്ടുകരി, നന്ത്യാട്ടുകരി, പുറക്കാട് നാലുചിറ എന്നിവിടങ്ങളിൽ വിത നടക്കും.കാലാവസ്ഥ വ്യതിയാനവും സംരക്ഷണക്കുറവുമാണ് കർഷകരെ കൃഷിയിൽ നിന്ന് അകറ്റുന്നത്.
മുൻപ് 54000 ഹെക്ടറിൽ വരെ കൃഷി ചെയ്ത സ്ഥാനത്താണ് നിലവിൽ ഈ കുറവ് സംഭവിച്ചിട്ടുള്ളത്.2023–24 സീസണിൽ രണ്ടാം കൃഷിയും കാര്യമായി കുറഞ്ഞിരുന്നു. അന്ന് മൊത്തം 8970.53 ഹെക്ടറിൽ 13036 കർഷകരാണ് കൃഷിയിറക്കിയത്. ഇപ്പോൾ വിളവെടുക്കുന്ന ഒന്നാം വിളയിൽ 160 പാടശേഖരങ്ങളിലായി 9100 ഹെക്ടറിൽ കൃഷിയുണ്ട്. ഇതുവരെ വിളവെടുപ്പ് പകുതിപോലും നടന്നിട്ടില്ല. അതിനിടയിലാണ് പുഞ്ചക്കൃഷിക്ക് തുടക്കമായത്.കാർഷിക കലണ്ടർ പ്രകാരം കൃഷി നടക്കാത്തതിനാൽ ഒന്നാം കൃഷിയേത്, രണ്ടാം കൃഷിയേത് എന്നു തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇക്കുറി വിതയുടെ ആരംഭത്തിലുള്ള ശക്തമായ മഴ കർഷകർക്ക് ദോഷകരമാണ്. രണ്ടാം കൃഷിയുടെ വിളവെടുപ്പിനെയും നെല്ല് സംഭരണത്തേയും ഇതു കാര്യമായി ബാധിക്കുന്നുണ്ട്.