നെന്മാറ∙ നെല്ലിയാമ്പതി നൂറടിപ്പുഴയിലേയും മറ്റു നീരൊഴുക്കുകളും ഏലംപാടിക്കു സമീപം തടയണ നിർമിച്ചു കേശവൻപാറ വഴി കമ്പിപ്പാലത്തിലൂടെ പോത്തുണ്ടി ഡാമിലേക്കു എത്തിക്കാൻ കഴിയുമെന്ന പ്രാഥമിക ആലോചനയിലാണു പഠനം നടത്താൻ നീക്കമാരംഭിച്ചത്.അവസാനമായി 2023 മേയ് 9ന് കെ.ബാബു എംഎൽഎ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം നടത്തിയ പരിശോധനാ റിപ്പോർട്ട് ഉന്നത തലങ്ങളിൽ പരിഗണിക്കപ്പെട്ടില്ല.
16 വർഷം മുൻപ് പദ്ധതിയെക്കുറിച്ചു ആലോചന തുടങ്ങിയ അധികൃതർക്ക് ഇന്നും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സാധ്യതാ പഠനം പോലും നടത്താൻ ജലവിഭവ വകുപ്പ് തയാറായിട്ടില്ല. നെല്ലിയാമ്പതി മലനിരകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം പോത്തുണ്ടി ഡാമിലേക്കു തിരിച്ചുവിടാൻ കഴിയുന്ന ഏലംപാടി തടയണ പദ്ധതിയുടെ സാധ്യത സംബന്ധിച്ചു വിദഗ്ധ സംഘം നടത്തുന്ന പരിശോധനകൾ വെറുതെയാകുന്നു.
വകുപ്പിന്റെ കീഴിലുള്ള വിദഗ്ധരെ ഉപയോഗിച്ചോ മറ്റ് ഏജൻസികൾ വഴിയോ പദ്ധതി സംബന്ധിച്ചു പഠനം നടത്തണമെന്നുള്ള റിപ്പോർട്ട് നൽകിയിരുന്നതായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ കലക്ടർക്കും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒരു വർഷമായി മറുപടിയൊന്നുമുണ്ടായില്ല.