/sathyam/media/media_files/2024/10/29/cSFd2w6WgEgdT1pQTJ95.jpg)
ചെങ്ങന്നൂർ ∙ തീർഥാടനകാലത്ത് പമ്പ സ്പെഷൽ സർവീസിനായി എത്തുന്നത് 60 കെഎസ്ആർടിസി ബസുകൾ. എന്നാൽ ഇത്രയും ബസുകൾ പാർക്ക് ചെയ്യാൻ ഇടം തേടി അലയുകയാണ് കെഎസ്ആർടിസി ഡിപ്പോ അധികൃതർ.സബ്സ്റ്റേഷനു സമീപത്തെ സ്വകാര്യ ഭൂമിയിൽ പാർക്ക് ചെയ്യുകയായിരുന്നു മുൻവർഷങ്ങളിലെ പതിവ്. എന്നാൽ നിയമതടസ്സം ഉള്ളതിനാൽ ഇക്കുറി ഇവിടം വിട്ടു കിട്ടില്ല എന്നാണറിവ്. എംസി റോഡരികിൽ കല്ലിശേരി പാലത്തിനു സമീപം ബസുകൾ നിർത്തിയിടുന്നതും പതിവായിരുന്നു. ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാൽ ഇവിടം സുരക്ഷിതമല്ലെന്നാണ് അധികൃതർ പറയുന്നത്.
ഈ സാഹചര്യത്തിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശാസ്താംപുറം മാർക്കറ്റിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ എടിഒ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാനു കത്ത് നൽകാനും തീരുമാനിച്ചു. വിവിധ ഡിപ്പോകളിൽ നിന്ന് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്കു താമസസൗകര്യവും പരിമിതമാണ്. പഴയ ഡിപ്പോ കെട്ടിടത്തിലാണ് മുൻപു ജീവനക്കാർ കഴിഞ്ഞിരുന്നത്. മകരവിളക്ക് ആകുമ്പോഴേക്ക് 15 എണ്ണം കൂടിയെത്തും. ഡിപ്പോയിലുള്ള ബസുകൾ തന്നെ പാർക്ക് ചെയ്യാൻ ആവശ്യത്തിന് ഇടമില്ലാത്ത സ്ഥിതിയാണ്.