26 പുള്ളിമാനുകളെ കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്

വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.

New Update
waertyuiuytryui

കോയമ്പത്തൂർ: 26 പുള്ളിമാനുകളെ കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.

Advertisment

മാർച്ച് മുതൽ മൃഗശാല അധികൃതർ മാനുകൾക്ക് സാന്ദ്രീകൃത തീറ്റ നൽകുന്നത് നിർത്തിയിരുന്നു. പകരം കാട്ടിൽ മാനുകള്‍ കഴിക്കുന്നത് പോലെയുള്ള തീറ്റ നൽകാൻ തുടങ്ങി. ശിരുവാണി മലയടിവാരത്തിൽ നിന്നാണ് ഇവയ്ക്കുള്ള ഭക്ഷണം എത്തിച്ചത്. കാട്ടിലേക്ക് വിടുന്നതിന് മുമ്പ് എല്ലാ മാനുകളിലും ട്യൂബർകുലോസിസ് (ടിബി) പരിശോധന നടത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിർദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.

മാനുകളെ സുരക്ഷിതമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് കടത്തിവിട്ടു. പെരുമ്പാമ്പ്, മുതല, കുരങ്ങ്, മയിൽ, മറ്റ് പക്ഷികൾ എന്നിവയും വിഒസി മൃഗശാലയിലുണ്ട്. ഈ മൃഗങ്ങളെ ഉടൻ തന്നെ സത്യമംഗലം കടുവാ സങ്കേതത്തിലേക്കും (എസ്‌ടിആർ) കോയമ്പത്തൂർ വനമേഖലയിലേക്കും വിടുമെന്ന് വനം വകുപ്പ്  ഉദ്യോഗസ്ഥർ പറഞ്ഞു.

വിഒസി പാർക്കിന് 2022 ജനുവരിയിൽ സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. മൃഗശാല ശരിയായി പരിപാലിക്കുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തിയതോടെയാണിത്. മൃഗങ്ങളെ  മൃഗശാലയിൽ നിലവിൽ സന്ദർശകർക്ക് പ്രവേശനമില്ല. മൃഗശാലയെ ഓപ്പൺ എയർ ക്ലാസ് മുറിയുള്ള പഠന കേന്ദ്രമാക്കി മാറ്റാനാണ് സിറ്റി കോർപ്പറേഷന്‍റെ പദ്ധതി.

park-zoo-coimbatore-released-into-forest