/sathyam/media/media_files/Y68vvIHd77Z0MDdJfHb8.jpeg)
ശബരിമല ∙ 5 വർഷങ്ങൾക്കു ശേഷം പമ്പയിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് പുനരാരംഭിച്ചതിന്റെ ആശ്വാസത്തിൽ തീർഥാടകർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽടോപ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചു. അതേസമയം ചക്കുപാലം 2–ൽ പാർക്കിങ് അനുവദിച്ചില്ല. കാട്ടാന ഇറങ്ങുന്ന സ്ഥലമായതിനാൽ വേണ്ടത്ര വെളിച്ചം ക്രമീകരിക്കാത്തതാണ് തടസ്സം. ഫാസ്ടാഗിലൂടെ ടോൾ നൽകി പമ്പയിലെ ഹിൽടോപ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കാനാണ് കോടതി നിർദേശം. ഫാസ്ടാഗ് ഏർപ്പെടുത്താൻ കാലതാമസം വരും. ഇതിനുള്ള ഷെഡിന്റെ നിർമാണം തുടങ്ങി.
ഉച്ചവരെ പമ്പയിലേക്ക് വന്ന എല്ലാ ചെറിയ വണ്ടികളും പാർക്കിങ് ഇല്ലെന്നു പറഞ്ഞ് പൊലീസ് നിലയ്ക്കലേക്കു തിരിച്ചയച്ചു. ഇതറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ജില്ലാ പൊലീസ് മേധാവിയുമായി ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് ചെറിയ വണ്ടികൾക്ക് ഹിൽടോപ്പിൽ പാർക്കിങ് അനുവദിച്ചത്. കെഎസ്ആർടിസിയുടെ പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളും ഹിൽടോപ്പ് മേഖലയിലാണ് പാർക്ക് ചെയ്തത്.
വൈകിട്ട് എത്തിയ ചെറിയ വാഹനങ്ങൾ കൂടുതലും പമ്പ– ചാലക്കയം റോഡിന്റെ വശത്താണ് നിർത്തിയിട്ടത്. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർ വശം, ചക്കുപാലം മേഖലയും കഴിഞ്ഞ് ചാലക്കയത്തേക്കു പാർക്കിങ് നീണ്ടു. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് പമ്പയിൽ പാർക്കിങ് നിരോധിച്ചത്.