Advertisment

പി.ജി. മെഡിക്കൽ,ഡെന്റൽ കോഴ്സുകൾക്ക് സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രഖ്യാപിച്ചു

ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ എം.സി.സി. സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ ഉൾപ്പെടും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ mcc.nic.in-ൽ ലഭിക്കും

New Update
jbytrdfgyuhjijuhygtrdtfgyu

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), എം.ഡി./എം.എസ്./ഡിപ്ലോമ/എം.ഡി.എസ്. കോഴ്സുകളിലേക്ക് അഖിലേന്ത്യാ ക്വാട്ടയ്ക്കും സംസ്ഥാന ക്വാട്ടയ്ക്കും സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ എം.സി.സി. സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ ഉൾപ്പെടും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ mcc.nic.in-ൽ ലഭിക്കും. സംസ്ഥാനങ്ങളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ, സംസ്ഥാനതല കൗൺസലിങ് നടത്തുന്ന ബന്ധപ്പെട്ട അധികാരികൾ (കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ) ലഭ്യമാക്കും.

Advertisment
  • സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് ഒരു അപ്‌ഗ്രഡേഷൻ റൗണ്ട് അല്ല. അതിനാൽ ഇതിനകം പ്രവേശനം നേടിയവർക്ക് ഈ റൗണ്ടിൽ അപ്ഗ്രഡേഷന് അവസരം കിട്ടില്ല
  • ഓൾ ഇന്ത്യ ക്വാട്ടയിലോ സംസ്ഥാന ക്വാട്ടയിലോ നിലവിൽ പ്രവേശനം ഇല്ലാത്തവർക്കേ സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയൂ.
  • നിലവിൽ അഡ്മിഷൻ ഉള്ളവർക്ക് സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല
  • എം.സി.സി. മൂന്നാം റൗണ്ടിലോ തുടർ റൗണ്ടുകളിലോ അലോട്മെന്റ്‌ ലഭിച്ച് പ്രവേശനം നേടാത്തവർക്കും സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.

രജിസ്ട്രേഷൻ

സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള പുതിയ രജിസ്ടേഷൻ mcc.nic.in വഴി നവംബർ 22-ന് ഉച്ചയ്ക്ക് 12 വരെ നടത്താം. പേമെന്റ്‌ (രജിസ്ട്രേഷൻ ഫീ, സെക്യൂരിറ്റി ഡിപ്പോസിറ്റ്) സൗകര്യം 22-ന് വൈകീട്ട് മൂന്ന് വരെ. ഈ റൗണ്ടിൽ അലോട്മെന്റ്‌ ലഭിച്ച് പ്രവേശനം നേടാത്തവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. അടുത്ത വർഷത്തെ നീറ്റ് പി.ജി. അഭിമുഖീകരിക്കുന്നതിൽനിന്ന്‌ അവരെ വിലക്കുന്നതുമാണ്.

ചോയ്സ് ഫില്ലിങ്, ലോക്കിങ്

ചോയ്സ് ഫില്ലിങ് സൗകര്യം 22 വരെ. ചോയ്സ് ലോക്കിങ് 22-ന് വൈകീട്ട് നാല് മുതൽ അന്ന് രാത്രി 11.59 വരെ നടത്താം. അലോട്‌മെന്റ്‌ ഫലം, 2023 നവംബർ 24-ന് പ്രഖ്യാപിക്കും. അലോട്‌ ചെയ്യപ്പെട്ടവർക്ക് കോളേജിൽ പ്രവേശനം നേടാൻ 25 മുതൽ 30-ന് വൈകീട്ട് അഞ്ച് വരെ സൗകര്യം ഉണ്ടാകും.

സംസ്ഥാനത്ത്

സംസ്ഥാനതലത്തിലെ സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ നവംബർ 25 മുതൽ 28 വരെ നടത്തും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിൽ അലോട്മെൻ്റ് ലഭിക്കുന്നവരെ സ്റ്റേറ്റ് സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല. ഈ റൗണ്ടിൽ അലോട്മെൻ്റ് ലഭിക്കുന്നവരുടെ പട്ടിക 25-ന് എം.സി.സി, സംസ്ഥാനങ്ങൾക്ക് കൈമാറും. പട്ടികയിലുള്ളവരെ ഒഴിവാക്കിയാകും സംസ്ഥാന സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് ഫലം പ്രഖ്യാപിക്കുക. സംസ്ഥാനങ്ങൾ നടത്തുന്ന സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് അനുസരിച്ചു പ്രവേശനം നേടേണ്ട അവസാന തീയതി നവംബർ 30 ആയിരിക്കും. വിവരങ്ങൾക്ക്: mcc.nic.in

pg-medical-dental-course-stray-vacancy-round
Advertisment