കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വില താഴേക്ക്. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച വിലയെക്കാൾ താഴെയാണ് ഇത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം തുടരുന്നതിനാൽ അവിടെ ആവശ്യം ഉയർന്നുനിൽക്കുകയാണ്. അതിനാൽ, അങ്ങോട്ടേക്ക് അയയ്ക്കുന്ന പൈനാപ്പിൾ പച്ച, സ്പെഷ്യൽ പച്ച എന്നിവയുടെ വിലയിൽ കാര്യമായ ഇടിവ് പ്രകടമായിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽനിന്ന് 40-44 രൂപ നിരക്കിലാണ് പൈനാപ്പിൾ പച്ച കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ പഴത്തിന് വിലയിടിയുമ്പോൾ കർഷകന് നേരിയ ആശ്വാസം ഈ കയറ്റുമതിയാണ്.
ഈ വർഷത്തെ വേനൽച്ചൂടിന്റെ പൊള്ളലേറ്റവരിൽ പൈനാപ്പിൾ വിപണിയുമുണ്ട്. ഇത്തവണ കൃഷി അധികമായിരുന്നെങ്കിലും വിളവിൽ അത് പ്രതിഫലിച്ചില്ല. ചൂട് കാരണം പൈനാപ്പിൾ ചെടികൾക്ക് ഉണക്ക് ബാധിച്ചിരുന്നു.
മൂന്നു വർഷത്തേക്ക് മൂന്നു വിളകൾ എന്ന നിലയിലാണ് സാധാരണ നിലയിൽ കൃഷിചെയ്യുന്നത്. ഇതിലെ ആദ്യവിള മാത്രമാണ് നല്ല രീതിയിൽ ലഭിച്ചത്. ചൂടേറിയതോടെ തുടർന്നുള്ള വിളവുകൾ കുറഞ്ഞതിനു പുറമേ അടുത്ത വിളയ്ക്കുള്ള വിത്തിനും ക്ഷാമം നേരിടുകയാണ്. 2024-25 സാമ്പത്തികവർഷം ഉത്പാദനത്തിൽ 30 ശതമാനത്തിന്റെ കുറവ് വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഈ സീസണിൽ 1.5 ലക്ഷം ടണ്ണിന്റെ ഉത്പാദനം നടന്നെങ്കിലും ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവാണ്.