സംസ്ഥാനത്ത് പൈനാപ്പിൾ വില വീണ്ടും കുതിക്കുന്നു.അയൽ സംസ്ഥാനങ്ങളിലും പൈനാപ്പിളിന് ആവശ്യം കൂടി. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്കായുള്ള അന്വേഷണങ്ങൾ കൂടിയിട്ടുണ്ട്. ഉത്സവവിപണി മുന്നിൽക്കണ്ട് ഇതിനോടകം ഉത്പാദനം ഉയർത്താനുള്ള പദ്ധതികളും കർഷകർ നടപ്പിലാക്കിവരുകയാണ്. ഒക്ടോബറിൽ ദിവസം 1,500 ടൺ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. 10 ടൺ ട്രക്ക് പൈനാപ്പിൾ പച്ചയ്ക്ക് കിലോയ്ക്ക് 53 രൂപ നിരക്കിലാണ് ശനിയാഴ്ച കയറ്റുമതി ചെയ്തത്.
വാഴക്കുളം പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 57 രൂപയാണ് വില. പച്ചയ്ക്ക് 51 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 53 രൂപയുമായി. ഇതോടെ പൈനാപ്പിൾ പച്ചയുടെ വില 10 വർഷത്തെ ഉയർന്ന നിലയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ പൈനാപ്പിൾ പഴത്തിന് 50 രൂപയായിരുന്നു. പഴത്തിന് ഏഴു രൂപയാണ് വർധിച്ചത്. പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും 11 രൂപ വീതം കൂടി.
സെപ്റ്റംബർ ഒന്നിന് പൈനാപ്പിൾ പച്ചയ്ക്ക് കിലോയ്ക്ക് 40 രൂപയിലേക്ക് എത്തിയിരുന്നു. സ്പെഷ്യൽ പച്ച 42 രൂപയിലും. ഇതാണ് പെട്ടെന്ന് വർധിച്ചുതുടങ്ങിയത്. ഉത്തരേന്ത്യയിൽ മിക്ക വിപണികളിലും ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇതാണ് വില കൂടാൻ കാരണം. ഒക്ടോബറോടെ വില കൂടുന്ന പ്രവണതയാണ് വിപണിയിലെന്ന് വ്യാപാരികൾ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ തൈ കേരളത്തിൽനിന്ന് കാര്യമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഉത്തരേന്ത്യൻ വിപണിയിലെ ഡിമാൻഡ് മുന്നിൽക്കണ്ട് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ. ഈ വർഷത്തെ വേനൽച്ചൂട് ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. പൈനാപ്പിൾ ചെടിക്ക് ഉണക്ക് ബാധിച്ചത് കർഷകർക്ക് തിരിച്ചടിയായിരുന്നു. ഈ നഷ്ടം ഒക്ടോബർ മാസം നികത്താനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.