ഹൈബ്രിഡ് സാങ്കേതിക വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ കാലാകാലങ്ങളായ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്. അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ ശക്തമായ ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷനിൽ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതുവഴി കാർ വാങ്ങുന്നതിൽ വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപി സർക്കാരിൻ്റെ ഈ തീരുമാനത്തോടെ, ഹൈബ്രിഡ് കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്നരലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും.
കർണാടകയിലും ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നത് വൈകാതെ വിലകുറഞ്ഞേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയം തയ്യാറാക്കുന്നതായിട്ടാണ് റിപ്പോർട്ട്.
സ്‍ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കുന്നതാണ് കർണാടകയുടെ കരട് നയത്തിൻ്റെ പ്രധാന ഹൈലൈറ്റ്. സംസ്ഥാനത്തുടനീളമുള്ള ഡിമാൻഡിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഒരു വലിയ വിഭാഗം ഉപഭോക്താക്കൾക്ക് ഇവികളെ കൂടുതൽ താങ്ങാനാവുന്നതും ആകർഷകവുമാക്കാൻ ഈ നീക്കം പ്രതീക്ഷിക്കുന്നു.
കർണാടക സർക്കാർ ഇവികൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും കൂടുതൽ ഇൻസെൻ്റീവുകളും ഇളവുകളും വാഗ്‍ദാനം ചെയ്യുന്നു. സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് സംഭാവന നൽകിക്കൊണ്ട് വൃത്തിയുള്ള ഗതാഗത ബദലുകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുക എന്നതാണ് സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള ലക്ഷ്യം. 2029-ഓടെ ക്ലീൻ മൊബിലിറ്റി മൂല്യ ശൃംഖലയിൽ 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക എന്നതാണ് കർണാടക ലക്ഷ്യമിടുന്നത്.