പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു

സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. 

author-image
admin
New Update
kerala

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും. നാളെ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

Advertisment

ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂലൈ 20 വൈകിട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. 

അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിലെ 'Candidate Login-SWS'ലെ 'Supplementary Allot Results' എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ 'Supplementary Allot Results' എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് പ്രവേശന സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

supplementary-allotment plus-one-2nd
Advertisment