/sathyam/media/media_files/i621QxD6r5M3k01bR6hg.jpeg)
'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് രാഹുൽ രാജ് ഈണമിട്ട 'ബല്ലി ബല്ലി' എന്ന ഗാനം പുറത്തിറക്കിയത്. സിദ്ദിഖിൻ്റെ മിമിക്രികാല സഹപ്രവർത്തകനായിരുന്ന കെ.എസ്.പ്രസാദാണ് ചടങ്ങ് നിർവഹിച്ചത്.
സിദ്ദിഖിൻ്റെ ആത്മാർത്ഥ സുഹൃത്തും, സംവിധായകനുമായ ലാൽ, സിനിമ താരങ്ങളായ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ബിബിൻ ജോർജ്ജ്, ഉണ്ട പക്രു, നിർമൽ പാലാഴി, കലാഭവൻ പ്രചോദ്, സാജു കൊടിയൻ, ഷാജു ശ്രീധർ, സംവിധായകനായ നാദിർഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം' സിദ്ദിഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
രാഹുൽ രാജ്, സനുജ പ്രദീപ്, ഫിസ ജഹാംഗീർ എന്നിവർ ചേർന്ന ആലപിച്ച കാസർകോഡൻ ഭാഷയിലുള്ള ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ ആണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us