/sathyam/media/media_files/hp6Q7wfMDaO9ujXwTym8.webp)
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) പുതിയ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങുന്നു. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും ആറ് ചെറു ഉപഗ്രഹങ്ങളും വഹിച്ച് ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹവിക്ഷേപണ വാഹനം (പി.എസ്.എൽ.വി.) ബുധനാഴ്ച കുതിച്ചുയരും.
സിങ്കപ്പൂർ ഭരണകൂടവും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.-സാർ വിക്ഷേപിക്കുന്നത്. സിങ്കപ്പൂരിന്റെ ടെലിയോസ്-2, ല്യൂംലൈറ്റ്-4 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു ഇതിനു മുമ്പത്തെ പി.എസ്.എൽ.വി. വിക്ഷേപണം. ഏപ്രിലിൽനടന്ന വിക്ഷേപണത്തിൽ റോക്കറ്റിന്റെ മുകൾഭാഗം പരീക്ഷണങ്ങൾക്കുള്ള ചെറുനിലയമായി ബഹിരാകാശത്ത് തുടരുകയും ചെയ്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നാണ് പി.എസ്.എൽ.വി.-സി.56 വിക്ഷേപിക്കുക. 361.9 കിലോഗ്രാം ഭാരമുള്ള സിങ്കപ്പൂരിന്റെ ഡി.എസ്.-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പി.എസ്.എൽ.വി.യുടെ പ്രധാന ദൗത്യം. ഇതോടൊപ്പം ആർക്കേഡ്, വെലോക്‌സ്-എ.എം., ഓർബ്-12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കും. മൂന്നുമുതൽ 23.58 കിലോഗ്രാംവരെ ഭാരമുള്ളവയാണ് ഈ ഉപഗ്രഹങ്ങൾ.