തിരുവല്ലം∙വെള്ളായണി കായൽ കരമനയാറിൽ ചേരുന്ന പുഞ്ചക്കരി കന്നുകാലിച്ചാലിൽ ആഫ്രിക്കൻ പായൽ നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ആയിരത്തോളം ഏക്കർ വരുന്ന വെള്ളായണി പാടശേഖരത്തിൽ മഴക്കാലത്ത് നിറയുന്ന വെള്ളം പമ്പ് ചെയ്ത് ഒഴുക്കിവിടുന്നത് ഈ ചാലിലൂടെയാണ്. ചാലിലെ പായൽ നീക്കി ശുചീകരിക്കുന്നത് വൈകിയാൽ കായൽ നിറഞ്ഞ് ബണ്ടുകൾ തകർന്ന് വൻ കൃഷിനാശം സംഭവിക്കുമെന്ന് ആശങ്കയുയർന്നു.
എല്ലാ വർഷവും കാലവർഷത്തിനു മുൻപ് ചെറുകിട ജലസേചനവകുപ്പു നേതൃത്വത്തിൽ പായൽ നീക്കാറുണ്ട്. എന്നാൽ മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പായൽ നീക്കാത്തത് മധുപാലത്തിലെ പമ്പിങിനെയും സാരമായി ബാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.