Advertisment

എറണാകുളം–യലഹങ്ക സ്പെഷൽ ട്രെയിനിനു പിന്നാലെ കൊച്ചുവേളി– താംബരം എസി സ്പെഷലിന്റെ സർവീസ് ദക്ഷിണ റെയിൽവേ നിർത്തലാക്കി

തമിഴ്നാട്ടിൽ താംബരം– രാമനാഥപുരം, മേട്ടുപ്പാളയം– തിരുനെൽവേലി, തിരുനെൽവേലി– ചെന്നൈ എഗ്‌മൂർ (പട്ടുകോട്ട വഴി) എന്നീ സ്പെഷൽ ട്രെയിനുകൾ കാലിയായി ഓടുകയാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
dxrtyuioiuytrtyui

തിരുവനന്തപുരം∙ എറണാകുളം–യലഹങ്ക സ്പെഷൽ ട്രെയിനിനു പിന്നാലെ കൊച്ചുവേളി– താംബരം എസി സ്പെഷലിന്റെ സർവീസ് ദക്ഷിണ റെയിൽവേ നിർത്തലാക്കി. നഷ്ടക്കണക്കുകൾ നിരത്തിയാണു ട്രെയിനുകൾ റദ്ദാക്കുന്നത്. ഓണത്തിനു മുൻപു ലാഭകരമായി ഓടിയിരുന്ന ട്രെയിനാണ് കൊല്ലം, ചെങ്കോട്ട വഴിയുള്ള കൊച്ചുവേളി– താംബരം എസി സ്പെഷൽ. ചെന്നൈയിൽ നിന്നു വ്യാഴം, ശനി ദിവസങ്ങളിലും കേരളത്തിൽ നിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമായിരുന്നു സർവീസ്. ഓണത്തോടനുബന്ധിച്ച് ഈ സർവീസ് ചെന്നൈയിൽ നിന്നു വെള്ളി, ഞായർ ദിവസങ്ങളിലും കൊച്ചുവേളിയിൽ നിന്നു ശനി,തിങ്കൾ ദിവസങ്ങളിലുമാക്കി. 2 വ്യത്യസ്ത നമ്പറുകളും 2 സമയക്രമവും ആയതോടെ യാത്രക്കാർ സർവീസ് കൈവിട്ടു.

Advertisment


എന്നാൽ റിസർവേഷന് ആവശ്യമായ സമയം നൽകുകയോ, യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തോ ദിവസങ്ങളിലോ സർവീസ് നടത്തുകയോ ചെയ്യാതെയാണു സർവീസുകൾ നഷ്ടമാണെന്നു വരുത്തിത്തീർക്കുന്നതെന്നു യാത്രക്കാർ കുറ്റപ്പെടുത്തുന്നു.എറണാകുളം–യലഹങ്ക സ്പെഷൽ കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് സർവീസില്ലാത്ത ദിവസങ്ങളിൽ ഓടിച്ചാൽ യാത്രക്കാരുണ്ടാകുമെങ്കിലും ആർക്കും ഉപകാരമില്ലാതെ പകൽ സമയമാണു ഓ‌ടിച്ചതെന്നു സ്ഥിരം യാത്രക്കാരനായ വി.എൻ.പ്രവീൺ പറയുന്നു. വാരാന്ത്യങ്ങളിലാണു ബെംഗളൂരുവിലേക്കു ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. എന്നാൽ ഇടദിവസം സർവീസ് നടത്തി നഷ്ടമാണെന്നു പ്രചരിപ്പിക്കുന്നതിനു പിന്നിൽ ബസുകാരെ സഹായിക്കാനുള്ള നീക്കമാണെന്നും യാത്രക്കാർ ആരോപിച്ചു.

സ്പെഷൽ ട്രെയിൻ സംബന്ധിച്ചു മുൻകൂട്ടി അറിയിപ്പ് നൽകാത്തതും യാത്രക്കാരില്ലാത്തതിനു കാരണമാണ്. തിരുച്ചിറപ്പള്ളി–താംബരം സ്പെഷൽ ദക്ഷിണ റെയിൽവേ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 1 മുതൽ 2025 മാർച്ച് വരെ 5 മാസത്തേക്കാണ് (126 ട്രിപ്പുകൾ). എന്നാൽ കേരളത്തിൽ സ്പെഷലുകൾ പ്രഖ്യാപിക്കുന്നതാകട്ടെ കുറച്ചു ദിവസത്തേക്കു മാത്രമാണ്. 2 മുതൽ 10 വരെ  ട്രിപ്പുകളിൽ ഒതുങ്ങും.തമിഴ്നാട്ടിൽ താംബരം– രാമനാഥപുരം, മേട്ടുപ്പാളയം– തിരുനെൽവേലി, തിരുനെൽവേലി– ചെന്നൈ എഗ്‌മൂർ (പട്ടുകോട്ട വഴി) എന്നീ സ്പെഷൽ ട്രെയിനുകൾ കാലിയായി ഓടുകയാണ്. കേരളത്തിലോടുന്ന സ്പെഷലുകളിൽ മാത്രമാണു റെയിൽവേ ലാഭം നോക്കുന്നതെന്നാണ് ആക്ഷേപം.

Advertisment