പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഥിലി ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയാണെങ്കിലും ഇന്നും നാളെയും കേരളത്തിന്റെ മലയോര ജില്ലകളിൽ മഴയ്ക്കു സാധ്യത. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളാണ് മഴയുടെ കുടക്കീഴിലെത്തുക. ഉച്ചകഴിഞ്ഞ് മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ എത്തുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
ശ്രീലങ്കൻ തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 3 കിലോമീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് കേരളത്തിലെ മലയോര ജില്ലകളിൽ മഴ എത്തിക്കുന്ന മറ്റൊരു ഘടകം. ആൻഡമാൻ തീരത്ത് 5 കിമീ ഉയരത്തിൽ മറ്റൊരു ചക്രവാതചുഴിയും രൂപപ്പെടുന്നു. ഇതു രണ്ടും കേരളത്തിലും തമിഴ്നാട്ടിലും തുലാമഴയ്ക്കു കരുത്തുപകരും. മിഥിലിയുടെ പ്രഭാവം കെട്ടടങ്ങുന്നതോടെ കാറ്റ് വീണ്ടും വടക്കു–കിഴക്കൻ തുലാമഴയ്ക്ക് അനുകൂലമായി മാറും. മധ്യേഷ്യയിൽ നിന്നുള്ള പശ്ചിമവാതം എത്തുന്നതോടെ രാജ്യത്തിന്റെ വടക്കൻ മേഖലയിലും പശ്ചിമ തീരത്തും മഴയ്ക്കു സാധ്യതയുണ്ട്.
ഒക്ടോബർ അവസാനം ബംഗ്ലദേശിൽ വീശിയടിച്ച ഹമൂൺ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് തികച്ചും ദുർബലമാണ് മിഥിലി. ഇന്ത്യൻ തീരത്തെ ഇതു ബാധിക്കുകയില്ല. ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് മാലദ്വീപ് നിർദേശിച്ച പേരാണ് മിഥിലി. 2020 നു ശേഷം രൂപപ്പെടുന്ന 16–ാമത്തെ ചുഴലിക്കാറ്റാണ് ഇത്.