കൊല്ലം; നവംബർ 5 വരെ മസ്റ്ററിങ് നീട്ടിയതോടെ 90 ശതമാനത്തിന് മുകളിൽ മസ്റ്ററിങ് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊതുവിതരണ വകുപ്പ്. ജില്ലയിൽ ഇതുവരെ മുൻഗണനാ വിഭാഗം മസ്റ്ററിങ് പൂർത്തിയാക്കിയത് 82.75 ശതമാനം ആളുകളാണ്. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ളവരുടെ മസ്റ്ററിങ് നടക്കാത്തതും ആധാറുമായി പലരുടെ അടയാളങ്ങൾ യോജിക്കാത്തതുമാണ് മസ്റ്ററിങ് പൂർണമാകുന്നതിന് പ്രധാന തടസ്സം.
മുൻപ് ഫെബ്രുവരി മുതൽ മാർച്ച് വരെയായി നടന്ന മസ്റ്ററിങ്ങിൽ ഇ–പോസ് മെഷീനിലെ പരാതികളിൽ തട്ടി ഭൂരിഭാഗം പേർക്കും മസ്റ്ററിങ് നടത്താൻ സാധിച്ചിരുന്നില്ല. മാർച്ച് 31 വരെ ആകെ 12 ശതമാനം ആളുകളാണ് ജില്ലയിൽ മസ്റ്ററിങ് നടത്തിയിരുന്നത്. മുൻഗണന വിഭാഗത്തിൽ മസ്റ്ററിങ് നടത്താനുള്ള ജില്ലയിലെ 13,06,698 പേരിൽ 10,81,282 ആളുകളാണ് (82.75 %) ഇതുവരെ മസ്റ്ററിങ് നടത്തിയത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ (എഎവൈൈ), പിങ്ക് (പിഎച്ച്എച്ച്) കാർഡ് അംഗങ്ങളാണ് മസ്റ്ററിങ് നടത്തേണ്ടത്.
ഔദ്യോഗികമായി മസ്റ്ററിങ് നടക്കുന്നില്ലായിരുന്നെങ്കിലും സെർവർ ലഭ്യമാകുന്നതിന് അനുസരിച്ചു മസ്റ്ററിങ് നടത്തിയതു കൊണ്ട് ഔദ്യോഗികമായി മസ്റ്ററിങ് പുനരാരംഭിച്ച സെപ്റ്റംബർ 25 ന് മുൻപ് തന്നെ ജില്ലയിലെ പകുതിയിലേറെ പേർക്ക് മസ്റ്ററിങ് നടത്തിയിരുന്നു.